തുഷാര്‍ വെള്ളാപ്പള്ളി കൊച്ചിയിലെത്തി; സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍
കൊച്ചി: യു.എ.ഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ജയില്‍ മോചിതനായി കൊച്ചിയിലെത്തി. ഒന്നര ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് തുഷാറിന് ജാമ്യം ലഭിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ തുഷാറിന് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. തുഷാറിന്റെ പേരില്‍ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള നല്‍കിയ കേസ് അജ്മാന്‍ കോടതി തള്ളിയിരുന്നു. എയര്‍ പോര്‍ട്ടില്‍ എത്തിയ തുഷാര്‍ ആലുവയില്‍ നടക്കുന്ന എസ്എന്‍ഡിപി യോഗത്തില്‍ പങ്കെടുക്കും.
കേസിന്റെ ഭാഗമായി തുഷാറിന്റെ പാസ്പോര്‍ട്ട് അജ്മാന്‍ കോടതി കണ്ടുകെട്ടിയിരുന്നു. 6.5 ലക്ഷം ദര്‍ഹം നല്‍കാനുണ്ടെന്ന് കാണിച്ചാണ് തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള തുഷാറിനെതിരെ പരാതി നല്‍കിയിരുന്നത്. എന്നാല്‍ പണം തിരികെ നല്‍കാനില്ലെന്ന നിലപാടിലാണ് തുഷാര്‍ വെള്ളാപ്പള്ളി ഉണ്ടായിരുന്നത്.
മാത്രമല്ല, കേസ് ഗൂഢാലോചന ചൂണ്ടിക്കാട്ടി പരാതിക്കാരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി മുന്‍പ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസം 20 നാണ് ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായത്.