KeralaNews

വയറ്റില്‍ രണ്ടു നാണയങ്ങള്‍; ആലുവയില്‍ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: ആലുവയില്‍ മരിച്ച മൂന്നുവയസുകാരന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ വയറ്റില്‍ രണ്ട് നാണയങ്ങള്‍ ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ഒരു രൂപയ്ക്ക് പുറമേ 50 പൈസയായിരുന്നു കുഞ്ഞിന്റെ വയറ്റില്‍ ഉണ്ടായിരുന്നത്.

നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്. ആന്തരികാവയവത്തിന്റെ പരിശോധനാഫലം വന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും പോലീസ് അറിയിച്ചു. ഇതിനായി ആന്തരികാവയവങ്ങള്‍ കാക്കനാട് ലാബിലേക്ക് കൈമാറി. രണ്ട് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നും പോലീസ് വ്യക്തമാക്കി.

ആലുവയില്‍ വാടകയ്ക്ക് താമസിക്കുന്ന നന്ദിനി-രാജു ദമ്പതികളുടെ മകന്‍ പൃഥ്വിരാജ് ഇന്നലെ രാവിലെയാണ് മരിക്കുന്നത്. ശനിയാഴ് രാവിലെ പതിനൊന്ന് മണിയോടെ കുട്ടി നാണയം വിഴുങ്ങി. തുടര്‍ന്ന് കുട്ടിയുമായി മാതാപിതാക്കള്‍ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി. പീഡിയാട്രീഷന്‍ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് വിട്ടു. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിയെങ്കിലും പീഡിയാട്രീഷന്‍ ഇല്ല എന്ന കാരണം പറഞ്ഞ് അവിടെ നിന്നും മടക്കി അയച്ചു.

തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നത്. പഴവും ചോറും നല്‍കിയാല്‍ മതിയെന്നും നാണയം പുറത്തു പോകുമെന്നും പറഞ്ഞ് ചികിത്സ നല്‍കാതെ പറഞ്ഞുവിട്ടു. തുടര്‍ന്ന് വീട്ടിലെത്തിയ കുഞ്ഞിന്റെ ആരോഗ്യനില വഷളായി. ഞായറാഴ്ച രാവിലെയോടെ കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അതേസമയം കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരത്തിലൊരു നടപടി ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker