തൃശൂര്‍: കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ചൈനയില്‍ നിന്ന് തൃശൂരിലെത്തിയ മൂന്നുപേര്‍ 28 ദിവസത്തെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാകും മുന്‍പേ ആരോഗ്യ വകുപ്പിന്റെ കണ്ണുവെട്ടിച്ച് ചൈനയിലേയ്ക്ക് പോയി. ചൈനയില്‍ ബിസിനസ്സ് നടത്തുന്ന തൃശൂരിലെ അടാട്ടു നിന്നുള്ള ദമ്പതിമാരും കൂര്‍ക്കഞ്ചേരിയില്‍ നിന്നുള്ളയാളുമാണ് തിങ്കളാഴ്ച ചൈനയിലേക്ക് മടങ്ങിപ്പോയത്. തൃശൂര്‍ ജില്ലയില്‍ മാത്രം വീടുകളില്‍ 233 പേരും ആശുപത്രികളില്‍ എട്ടുപേരുമാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്.
ദമ്പതിമാര്‍ ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളം വഴിയും മറ്റെയാള്‍ സിംഗപ്പൂര്‍ വളിയുമാണ് പോയത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യവകുപ്പ് അധികൃതര്‍ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ഇത്തരത്തില്‍ ഞായറാഴ്ച വൈകിട്ടുവരെ ഇവര്‍ മൂന്നുപേരും അധികൃതരോട് സംസാരിച്ചിരുന്നു. അപ്പോഴൊക്കെ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഇവര്‍ അറിയിച്ചിരുന്നു.
എന്നാല്‍, തിങ്കളാഴ്ച രാവിലെ വിളിച്ചപ്പോള്‍ ഇവരുടെ മൊബൈല്‍ നമ്പരുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ഇവരുടെ ബന്ധുക്കളോട് അന്വേഷിച്ചപ്പോഴാണ് തിരികെപ്പോയ വിവരം അറിഞ്ഞത്. ആരോഗ്യ വകുപ്പ് ഇക്കാര്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയിലേയ്ക്ക് കടന്നവരുടെ പേരില്‍ എന്തു നടപടി വേണമെന്ന കാര്യത്തില്‍ എമിഗ്രേഷന്‍ വിഭാഗവുമായി ആലോചിച്ച് തീരുമാനമെടുക്കും.