തൃക്കൊടിത്താനം അഗതിമന്ദിരത്തില്‍ ഒരാഴ്ച്ചയ്ക്കിടെ മൂന്നു മരണം; ദുരൂഹതയെന്ന് ആരോപണം
കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനം അഗിതിമന്ദിരത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് അഗതിമന്ദിരത്തിലാണ് തുടര്‍ച്ചയായി മൂന്നു മരണങ്ങള്‍ ഉണ്ടായത്. മൂന്നാമത്തെയാള്‍ മരിച്ചത് ഇന്നു രാവിലെ കോട്ടയം മെഡിക്കല്‍ കോളജിലാണ്. അവശനിലയിലായ മറ്റ് ആറ് അന്തേവാസികള്‍ ചികില്‍സയിലാണ്. ന്യൂമോണിയ ബാധിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
അഗതിമന്ദിരത്തിലെ ദുരൂഹ മരണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. സംഭവം വാര്‍ത്തയായതിന് പിന്നാലെ മരണത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.
മരണകാരണം കോവിഡോ എച്ച് വണ്‍ എന്‍ വണ്ണോ അല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് കോട്ടയം ഡി.എം.ഒ. മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം,സംഭവത്തില്‍ വിശദമായ പരിശോധന വേണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. മാത്രമല്ല മരിച്ച രോഗികളുടെ സാമ്ബിളുകള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.