തൃപ്പൂണിത്തുറ: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാത്തലിക് സിറിയന്‍ ബാങ്ക് തൃപ്പൂണിത്തുറ ബ്രാഞ്ചില്‍ സ്വര്‍ണം പൂശിയ വളകള്‍ പണയം വെച്ച് 8.5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ എറണാകുളം പുത്തന്‍വേലിക്കര പടയാട്ടി വീട്ടില്‍ ജോബി ജോസഫ് (46), കൊടുങ്ങല്ലൂര്‍ എറിയാട് പൊയ്യാറാ വീട്ടില്‍ റെജിന്‍ ലാല്‍ (33), തൃശൂര്‍ ചേരൂര്‍ നടുക്കടി വീട്ടില്‍ മണികണ്ഠന്‍ (53) എന്നിവരാണ് പിടിയിലായത്.
റിജിന്‍ ലാലിന്‍റെ പരിചയക്കാരനും സ്വര്‍ണ്ണപ്പണിക്കാരനുമായ മൂന്നാം പ്രതി മണികണ്ഠനെക്കൊണ്ടാണ് ജോബി ജോസഫ് സ്വര്‍ണ്ണം പൂശിയ വളകള്‍ നിർമിച്ചത്. ഓരോ വളകളും ഏഴ് ഗ്രാം ചെമ്പും മൂന്ന് ഗ്രാം സ്വർണവും ചേര്‍ത്താണ് മണികണ്ഠന്‍ നിര്‍മിച്ചത്.
തട്ടിച്ചെടുത്ത തുകയില്‍നിന്നും മണികണ്ഠന് ഓരോ വളക്കും 16,000 രൂപ വീതം നല്‍കി. ബാക്കി തുക ഒന്നും രണ്ടും പ്രതികള്‍ വീതിച്ചെടുക്കുകയായിരുന്നു.
പണയം വെച്ച വളകള്‍ 6 മാസത്തിനുശേഷം തിരിച്ചെടുക്കാത്തതിനെ തുടര്‍ന്ന് ജൂലൈ ആദ്യം ബാങ്ക് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് മുക്ക് പണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബാങ്ക് അധികൃതർ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.