വാളയാര്‍ കേസില്‍ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു
പാലക്കാട്: വാളയാര്‍ കേസില്‍ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ തൂങ്ങി മരിച്ച സംഭവത്തിലാണ് പാലക്കാട് പോക്സോ കോടതിയുടെ വിധി. രണ്ട് പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിന് വിധേയമായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. വി.മധു, എം.മധു, ഷിബു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. നേരത്തെ മൂന്നാം പ്രതി പ്രദീപിനെയും കോടതി വെറുതെ വിട്ടിരുന്നു.
2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് വാളയാറിലെ 13 ഉം 9 ഉം വയസുകാരായ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. സംഭവം നടന്ന് രണ്ട് വര്‍ഷം ആയിട്ടും വിചാരണ ആരംഭിച്ചിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സോജനും കേസില്‍ ഹാജരാകുന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ലതാ ജയരാജും തമ്മിലുളള അഭിപ്രായ ഭിന്നതയായിരുന്നു ഇതിന് കാരണം. ഇത് അസാധാരണമായ കേസാണെന്നും, മറ്റൊരു സ്പെഷ്യല്‍ പ്രൊസീക്യൂട്ടര്‍ കേസില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ട് പോലീസ് സര്‍ക്കാരിന് കത്തെഴുതിയിരുന്നു.
എന്നാല്‍ കേസില്‍ മതിയായ തെളിവുകളില്ലെന്നും, കേസില്‍ ഹാജരാകുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജിന്റെ വിശദീകരണം.