കുടുംബം കൂടെയുള്ളപ്പോൾ പോലും മോശമായി പെരുമാറാൻ ധൈര്യം കാണിച്ചവർ, അതിശയം തോന്നി; ദുരനുഭവം പറഞ്ഞ് നീത പിള്ള
കൊച്ചി:സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പൻ എന്ന ചിത്രത്തിൽ എഎസ്പി വിൻസി എബ്രഹാമായെത്തി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നീത പിള്ള. 2018 ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെ ആയിരുന്നു നീതയുടെ അരങ്ങേറ്റം. പിന്നീട് എബ്രിഡ് ഷൈന്റെ തന്നെ ദി കുങ് ഫു മാസ്റ്റർ എന്ന ചിത്രത്തിൽ അഭിനയിച്ച നീത കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത് പാപ്പനിലൂടെ ആണ്.
കഴിഞ്ഞ ദിവസം ഒടിടിയിലും റിലീസ് ചെയ്ത പാപ്പന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നീതയുടെ വിൻസി എബ്രഹാം എന്ന കഥാപാത്രവും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. അഭിനയിച്ച മൂന്ന് സിനിമകളിലും നേതൃപാടവമുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് നീത അവതരിപ്പിച്ചത്. യഥാർത്ഥ ജീവിതത്തിലും പ്രതികൂല സാഹചര്യങ്ങളെ ബോൾഡായി നേരിടുകയും പ്രതികരിക്കേണ്ട ഇടങ്ങളിൽ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന ആളാണ് താനെന്ന് പറയുകയാണ് നീത. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
തനിക്ക് നേരെ മോശം പെരുമാറ്റം ഉണ്ടായ ഒന്നു രണ്ട് അവസരത്തിൽ ശക്തമായി പ്രതികരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്. എന്നാൽ കുടുംബം കൂടെയുള്ള സമയത്ത് പോലും മോശമായി പെരുമാറാൻ അവർക്കു തോന്നുന്ന ധൈര്യം കണ്ട് അതിശയം തോന്നിയിട്ടുണ്ടെന്നും നടി പറയുന്നു.
അങ്ങനെയുളള അവസരങ്ങളിൽ പലപ്പോഴും പെൺകുട്ടികളും അവരുടെ വീട്ടുകാരും ചിന്തിക്കുന്നത് നമ്മൾ പ്രതികരിച്ചാൽ മറ്റുള്ളവർ എന്തു വിചാരിക്കും എന്നാണ്. അതുതന്നെയാണ് ഇത്തരക്കാർക്ക് ധൈര്യം നൽകുന്നത്. സീൻ ഉണ്ടാക്കേണ്ടി വരുന്നു എന്നതാണ് മറ്റൊരു വിഷമം. സീനുണ്ടാക്കുന്നത് നമ്മളല്ല, നമ്മളോട് മോശമായി പെരുമാറിയവരുടെ പ്രവൃത്തിയാണ്. അത് കണ്ടില്ലെന്ന് നടിച്ചാൽ അവൽ ഇനിയും ആവർത്തിക്കും.
ഇതൊന്നും സഹിക്കേണ്ട ആവശ്യം നമുക്കില്ല. ആളുകൾ എന്തുവിചാരിക്കും എന്നത് ഒരു വിഷയവുമല്ല. അതുകൊണ്ട് ഉറപ്പായും പ്രതികരിക്കണം. ഇപ്പോൾ തനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടാകാറില്ലെന്നും നടി പറയുന്നു.
പ്രതികൂല സാഹചര്യങ്ങളെ നേരിടുന്ന കാര്യത്തിൽ താൻ എങ്ങനെയാണെന്നും നടി പറയുന്നുണ്ട്. വ്യക്തിപരമായ കാര്യങ്ങൾ ഒരിടത്തും വെളിപ്പെടുത്താറില്ല. വികാരങ്ങൾ പ്രകടിപ്പിക്കുന്ന കാര്യത്തിലും വളരെ ന്യൂട്രൽ ആയ രീതിയാണ്. ഒരുപാട് സന്തോഷവും കൗതുകവും തോന്നുമ്പോൾ പോലും അത് പുറത്തേക്ക് കാണിക്കാൻ അറിയില്ല. പല നല്ല കാര്യങ്ങളും നടക്കുന്ന അവസരത്തിലെ എന്റെ പ്രതികരണം കണ്ട് ആളുകൾക്ക് തോന്നും എനിക്കൊരു സന്തോഷവും ഇല്ലന്ന്. സത്യത്തിൽ മനസിൽ ഒരുപാട് സന്തോഷം നിറയുന്നുണ്ടാകും. പക്ഷേ പ്രകടിപ്പിക്കാറില്ല.
എല്ലാവരുടെയും ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങളുണ്ടാകാം. എന്റെ ജീവിത യാത്രയിലെ ഉയർച്ചതാഴ്ചകളിൽ നിന്ന് ഞാൻ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആ പഠനം എന്നെ കൂടുതൽ കരുത്തും വ്യക്തിയാക്കിയിട്ടുണ്ട്. നമുക്ക് ഒരു ജീവിതമേയുള്ളു. അതിൽ ഉയർച്ച താഴ്ചകളുണ്ടായാലും കിട്ടിയ ജീവിതത്തെ ബഹുമാനിക്കണം. മറ്റാരെയും വിഷമിപ്പിക്കാതെയും കഴിയുന്നത് മറ്റുള്ളവരെ സഹായിച്ചു സന്തോഷമായി സമാധാനമായി ജീവിക്കണമെന്നും നീത പറയുന്നു.
ഷൂട്ടിനിടയിൽ സുരേഷ് ഗോപി കാണിച്ച സ്നേഹത്തെ കുറിച്ചും നീത സംസാരിക്കുന്നുണ്ട്. ‘വർക്ക് ഇല്ലാത്ത സമയത്ത് സുരേഷ് ഗോപി സാറിനോട് അധികം ഇടപഴകാൻ പറ്റിയിരുന്നില്ല. എന്നാൽ ഷൂട്ടിന്റെ സമയത്ത് ധാരാളം സമയം കിട്ടിയിരുന്നു. ഷൂട്ടിന്റെ സമയത്തും ഇടവേളകളിലും സാർ മകളോടെന്ന പോലെയാണ് പെരുമാറിയത്. അതെനിക്ക് നന്നായി ഫീൽ ചെയ്യുമായിരുന്നു. അറിയാതെ നമ്മൾ മകളുടെ ഭാവത്തിലേക്ക് ആയിപ്പോകും. സൈറ്റിൽ എന്റെ പാപ്പനായിരുന്ന് ജോഷി സാറായിരുന്നു. അതെനിക്ക് മറക്കാൻ കഴിയാത്ത അനുഭവമാണ്.’ നീത പറഞ്ഞു.
കുങ് ഫു മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ഉണ്ടായ ഇടവേള ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ പരുക്കുകൾ മാറാൻ വേണ്ടി ആയിരുന്നു എന്നാണ് താരം പറഞ്ഞത്. വ്യത്യസ്ത ഭൂപ്രകൃതിയിൽ ഉള്ള ഷൂട്ട് ആയതിനാൽ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ലിഗ്മെന്റിന് പരുക്കും സംഭവിച്ചിരുന്നു. പരുക്കുകൾ മാറിയ ശേഷമേ വീണ്ടും ഷൂട്ടിങ്ങിലേക്ക് കടക്കാൻ കഴിയുമായിരുന്നുള്ളൂ. അതിനിടയിൽ കോവിഡും വന്നു. അതാണ് ഇടവേളയ്ക്ക് കാരണമെന്ന് നടി പറഞ്ഞു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാം തൂണ് ആണ് നീതയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം.