32.3 C
Kottayam
Wednesday, April 24, 2024

ഏമാന്മാരുടെ ഇണ്ടാസ് അനുസരിക്കാന്‍ ഉദ്ദേശിക്കുന്നില്ല, മനസില്ല എന്നു തന്നെ വ്യാഖ്യാനിച്ചോളൂ; തോമസ് ഐസക്

Must read

തിരുവനന്തപുരം: ഇ.ഡിയ്ക്കു മുന്നില്‍ ഹാജരാകാനാവില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി അറിയിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്. വാക്കാലുള്ള മൊഴി നല്‍കാന്‍ ഇന്ന് രാവിലെ പത്തിന് ഹാജരാകാനായിരുന്നു ഏമാന്മാരുടെ ഇണ്ടാസ്. അത് അനുസരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മനസില്ല എന്നു തന്നെ വ്യാഖ്യാനിച്ചോളൂ. എന്തു ചെയ്യുമെന്ന് കാണട്ടെയെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

മൊഴിയെടുക്കാനെന്ന പേരില്‍ കിഫ്ബിയിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥയെ നേരത്തെ ഇഡി സംഘം വിളിച്ചു വരുത്തിയിരുന്നു. പൊതുമനസാക്ഷിയുടെ ചോര തിളപ്പിക്കുന്ന അനുഭവമാണ് അവര്‍ക്കുണ്ടായത്. അക്കാര്യം വ്യാഴാഴ്ച പത്രമ്മേളനത്തില്‍ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. അവര്‍ നേരിട്ട ദുരനുഭവം കിഫ്ബി സിഇഒ ചീഫ് സെക്രട്ടറിയെ രേഖാമൂലം ധരിപ്പിച്ചിട്ടുണ്ട്. നിയമപരമായ നടപടികള്‍ സര്‍ക്കാര്‍ ആലോചിച്ചു വരുന്നു.

അന്വേഷണമെന്ന പേരില്‍ വനിതാ ഉദ്യോഗസ്ഥയോടു മര്യാദ കെട്ടു പെരുമാറുന്ന ധിക്കാരത്തിന്റെ ഉറവിടം ബിജെപിയുടെ പിന്‍ബലമാണ്. ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും അവര്‍ നടത്തുന്ന അഴിഞ്ഞാട്ടം കണ്ട് രോമാഞ്ചം കൊള്ളുന്നവരായിരിക്കും ഇഡിയുടെ ഉദ്യോഗസ്ഥര്‍. പക്ഷേ, ബോംബും വടിവാളുമേന്തി തെരുവിലിറങ്ങിയ അക്കൂട്ടരെ നിലയ്ക്കു നിര്‍ത്തിയ പാരമ്പര്യമാണ് ഈ നാടിനുള്ളത്. അത് ഇഡി ഉദ്യോഗസ്ഥര്‍ക്കും മനസിലാകും.

വിശേഷിച്ചൊന്നും അറിയാനല്ല ഈ അന്വേഷണ പ്രഹസനം. സമന്‍സ് തയാറാക്കി ആദ്യം മാധ്യമങ്ങള്‍ക്കാണ് ചോര്‍ത്തിക്കൊടുത്തത്. മൂന്നാം തീയതിയാണ് അറിയിപ്പ് കിഫ്ബി ഓഫീസിലെത്തുന്നത്. പക്ഷേ, രണ്ടാം തീയതി തന്നെ കാര്യങ്ങള്‍ എല്ലാ മാധ്യമങ്ങളും അറിയുകയും അവര്‍ ആഘോഷത്തോടെ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു. ആ രാഷ്ട്രീയക്കളിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചോദ്യങ്ങള്‍ക്കൊന്നും ഒരു വ്യക്തതയുമില്ല. എന്ത് കാര്യത്തിനാണ് അന്വേഷണമെന്ന എവിടെയും വ്യക്തമാക്കിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാന്‍ സമന്‍സ് അയയ്ക്കുന്നത് എങ്ങനെ ആയിരിക്കണമെന്നൊക്കെ സുപ്രീംകോടതി നിര്‍ദ്ദേശമുണ്ട്. വ്യക്തമായ കാരണങ്ങള്‍ രേഖപ്പെടുത്തി വേണം സമന്‍സ് അയയ്ക്കാന്‍. സുപ്രീംകോടതിയൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് കൊച്ചിയിലെ ഇഡി ഏമാന്മാരുടെ ഭാവം. ബിജെപിക്കാരുടെ ചരടിനൊപ്പിച്ച് തുള്ളുന്ന പാവകള്‍ക്ക് എന്തു സുപ്രീംകോടതി. ഏതായാലും അഞ്ചാം തീയതി തങ്ങള്‍ക്കു മുന്നില്‍ വന്നിരിക്കണം എന്ന ഇഡിയുടെ കല്‍പന അനുസരിക്കാന്‍ സൗകര്യമില്ല. എന്തു ചെയ്യും… കാണട്ടെയെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week