‘ബസ് സ്റ്റാന്‍ഡില്‍ ചായ വില്‍പ്പന നടത്തുന്ന നവാസ് ഇക്കാ 500 രൂപ എന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ട് പറഞ്ഞു നല്ലൊരു കാര്യത്തിനല്ലേ’ ധനമന്ത്രിയുടെ കുറിപ്പ് വൈറലാകുന്നു
ആലപ്പുഴ: ഓണത്തിന് മുമ്പ് 25 രൂപയ്ക്ക് ഊണ് കിട്ടുന്ന ആയിരം ഭക്ഷണശാലകള്‍ തുറക്കും എന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപനത്തിന്റെ ആദ്യ ചുവടുവെയ്പ് വിജയകരമായി നടന്നു. മണ്ണഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ ഉള്ളിലാണ് ആദ്യത്തെ സംരഭം. മണ്ണഞ്ചേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടു മുറി ഭക്ഷണശാലയില്‍ 36 പേര്‍ക്ക് ഒരേസമയം സുഖമായിരുന്നു ഭക്ഷണം കഴിക്കാം. ഒരു അടുക്കളയും വരാന്തയും. ഇത് പൊടി ഒന്നും കയറാതെ ചില്ലിട്ടു ഭദ്രമാക്കും. എയര്‍കണ്ടീഷന്‍ ചെയ്യാനും പരിപാടിയുണ്ട്.- അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. മാര്‍ച്ച് അവസാനിക്കുന്നതിന് മുന്‍പ് ആലപ്പുഴയില്‍ മാത്രം പത്ത് ഭക്ഷണ ശാലകള്‍ തുറക്കാനാണ് ധനമന്ത്രി പദ്ധതിയിട്ടിരിക്കുന്നത്.
ഇവിടുത്തെ കാര്യങ്ങള്‍ക്കായി രണ്ടു കുടുംബശ്രീ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് മീന്‍കറിയും ഉണ്ടാവും. ഇവിടെ 25 രൂപയ്ക്ക് ഊണ് നല്‍കുന്നതിനൊപ്പം ഒരു ‘ഷെയര്‍ എ മീല്‍’ കൗണ്ടറും ഉണ്ടാവും. ഈ ഭക്ഷണശാലയില്‍ സ്പെഷ്യല്‍ ഉണ്ടാവും, പക്ഷേ അതിന് 30 രൂപ അധികം കൊടുക്കണം. കക്ക റോസ്റ്റും മീന്‍ വറുത്തതും ബീഫ് ഫ്രൈയും ഒക്കെ സ്പെഷ്യലായി ഊണിനൊപ്പം നല്‍കും’- അദ്ദേഹം വ്യക്തമാക്കുന്നു.
തോമസ് ഐസക്കിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം
ഓണത്തിന് മുമ്പ് മുമ്പ് 25 രൂപയ്ക്ക് ഊണ് കിട്ടുന്ന ആയിരം ഭക്ഷണശാലകൾ തുറക്കും എന്നാണല്ലോ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതൊക്കെ നടക്കുമോ എന്ന് സംശയിക്കുന്നവർക്ക് ആലപ്പുഴയിലേക്ക് വരാം. മാർച്ച് അവസാനിക്കുന്നതിനുമുമ്പ് ഇത്തരത്തിലുള്ള 10 ഭക്ഷണശാലകൾ ആണ് ആലപ്പുഴയിൽ തുറക്കുക. അതിൽ ആദ്യത്തേത് മണ്ണഞ്ചേരിയിലേതാണ്.
മണ്ണഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ ഉള്ളിലാണ് ആദ്യത്തെ സംരഭം. ഏറ്റവും കണ്ണായ സ്ഥലം. മണ്ണഞ്ചേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടു മുറി ഭക്ഷണശാലയിൽ 36 പേർക്ക് ഒരേസമയം സുഖമായിരുന്നു ഭക്ഷണം കഴിക്കാം. ഒരു അടുക്കളയും വരാന്തയും. ഇത് പൊടി ഒന്നും ഒന്നും കയറാതെ ചില്ലിട്ടു ഭദ്രമാക്കും. എയർകണ്ടീഷൻ ചെയ്യാനും പരിപാടിയുണ്ട്.
ഇത്രയൊക്കെ ചെയ്തു 25 രൂപയ്ക്ക് ഉച്ചഭക്ഷണം നൽകാൻ കഴിയുമോ എന്ന് ആരെങ്കിലും ചോദിച്ചാൽ മണ്ണഞ്ചേരിയിൽ നിന്നുള്ള റിയാസും കൂട്ടരും ചിരിക്കും. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ഒരു പൈസയും വാങ്ങാതെ നാനൂറിലധികം കുടുംബങ്ങൾക്ക് രണ്ടു നേരത്തെ ഭക്ഷണം ഇവിടുത്തെ ജനകീയ അടുക്കളയിൽ നിന്ന് കൊടുത്തു കൊണ്ടിരിക്കുകയാണ്.
ഈ അടുക്കളയിൽ തന്നെ ആയിരിക്കും ഈ ഭക്ഷണശാലക്കുള്ള ഭക്ഷണം പാചകം ചെയ്യുക. അവിടെ നിന്നുള്ള ഭക്ഷണം ആയിരിക്കും ഇവിടെ സെർവ് ചെയ്യുക.
ഇവിടുത്തെ കാര്യങ്ങൾക്കായി ആയി രണ്ടു കുടുംബശ്രീ പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് മീൻകറിയും ഉണ്ടാവും. ഇവിടെ 25 രൂപയ്ക്ക് ഊണ് നൽകുന്നതിനൊപ്പം ഒരു “ഷെയർ എ മീൽ” കൌണ്ടറും ഉണ്ടാവും. നിങ്ങൾക്ക് ഭക്ഷണം കഴിക്കാൻ കാശില്ലെങ്കിൽ അവിടെ തൂക്കിയിട്ടിരിക്കുന്ന ഒരു കൂപ്പൺ എടുക്കാം. ആ കൂപ്പണുകൾ സ്പോൺസർഷിപ്പ് ആയി കിട്ടുന്നതാണ്. ഞാൻ അവിടെ കൗണ്ടറിൽ ഇരിക്കുമ്പോൾ തന്നെ 5000 രൂപയെങ്കിലും സ്പോൺസർഷിപ്പ് ആയി ലഭിച്ചു. ഇടത്തരക്കാർ മാത്രമല്ല വളരെ സാധാരണക്കാരും “ഷെയർ എ മീൽ” സ്പോൺസർ ആയി വരുന്നുണ്ട്. ബസ്റ്റാൻഡിൽ ചായ വിൽപ്പന നടത്തി ഉപജീവനം നടത്തുന്ന നവാസ് ഇക്കാ 500 രൂപ എൻറെ കയ്യിൽ ഏൽപ്പിച്ചിട്ട് പറഞ്ഞു. “നല്ലൊരു കാര്യത്തിനല്ലേ പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാൻ അല്ലേ” . ഇങ്ങനെയൊക്കെയാണ് ജനങ്ങൾ ഇതിനോട് പ്രതികരിക്കുന്നത്. ഈ ഭക്ഷണശാലയിൽ സ്പെഷ്യൽ ഉണ്ടാവും പക്ഷേ അതിന് 30 രൂപ അധികം കൊടുക്കണം. കക്ക റോസ്റ്റും മീൻ വറുത്തതും ബീഫ് ഫ്രൈയും ഒക്കെ സ്പെഷ്യലായി ഊണിനൊപ്പം നല്കും.
വലിയൊരു സംഘം ആളുകൾ ഇതിനു വേണ്ടി പ്രവർത്തിക്കാൻ തയ്യാറാണ്. എന്നോടൊപ്പം കൗണ്ടറിൽ ഇരിക്കുന്ന ആളുകളെ ഒന്നു പരിചയപ്പെട്ടോളു. തനുജയും വിജയലക്ഷ്മിയുമാണ് ഇവിടെ ഭക്ഷണം വിളമ്പുന്ന കുടുംബശ്രീ പ്രവർത്തകർ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഷീന സനൽകുമാറും , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മഞ്ജു രതികുമാറും, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മായ സാജനും സി ഡി എസ് ചെയർ പേഴ്സൺ ധനലക്ഷ്മിയും, ഡോ. ബിന്ദു അനിൽ ആണ് കൂടെയുള്ള മറ്റൊരാൾ. അടുത്ത ഒരാഴ്ച വേണമെങ്കിൽ ഇവിടെ കൌണ്ടറിൽ ഇരിക്കാനും ഡോക്ടർ തയ്യാറാണ്.
ഇങ്ങനെയുള്ള ഒരു കൂട്ടായ്മയാണ് ആണ് ഈ സംരംഭത്തിന്റെ പിന്നിൽ. ഇതൊക്കെ എവിടെ വേണമെങ്കിലും നടക്കും ഇനി വരുന്ന ഓരോ ആഴ്ചയിലും ഓരോ പുതിയ കടകൾ തുറക്കാനാണ് ഞങ്ങളുടെ പരിപാടി