FootballNewsSports

മെസിയെ വീണ്ടും പാരീസില്‍ എത്തിക്കാന്‍ നീക്കം,പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഈ താരം

പാരിസ്‌:ബാഴ്‌സലോണ എഫ്.സിയിലൂടെ വളര്‍ന്ന് വന്ന അര്‍ജന്റീന ഇതിഹാസ താരവും ലോകചാമ്പ്യനുമായ ലയണല്‍ മെസിയെ വീണ്ടും പാരീസില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ സജീവം. 2021ല്‍ 18 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച് ബാഴ്‌സലോണയോട് വിടപറഞ്ഞ മെസി 2023 വരെ കളിച്ചത് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലാണ്. എന്നാല്‍ ഒട്ടും സുഖകരമായിരുന്നില്ല ക്ലബ്ബിനൊപ്പമുള്ള താരത്തിന്റെ കളിജീവിതം.

രണ്ട് സീസണുകള്‍ക്ക് ശേഷം ക്ലബ്ബ് വിടുമ്പോള്‍ മെസി അപമാനിതനായിരുന്നു. അതിന് പ്രധാന കാരണം 2022ലെ ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ ഫൈനലില്‍ തോല്‍പ്പിച്ച് അര്‍ജന്റീന കിരീടം നേടിയതും. ലോകകപ്പ് നേടിയ അര്‍ജന്റീന താരങ്ങള്‍ക്ക് തങ്ങളുടെ ക്ലബ്ബുകള്‍ വന്‍വരവേല്‍പ്പ് നല്‍കിയപ്പോള്‍ ലോകകപ്പിലെ താരവും കപ്പുയര്‍ത്തിയ നായകനുമായ മെസ്സിക്ക് ആ നീതി നിഷേധിക്കപ്പെട്ടു. തങ്ങളുടെ രാജ്യത്തെ ഫൈനലില്‍ തോല്‍പ്പിച്ച മെസിയെ കൂകിവിളിച്ചാണ് പിഎസ്ജി ആരാധകര്‍ സ്വീകരിച്ചതും.

പിന്നീട് പിഎസ്ജി വിട്ട മെസി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മിയാമി എഫ്‌സിയിലേക്ക് കുടിയേറി. രാജകീയമായ വരവേല്‍പ്പാണ് താരത്തിന് അമേരിക്കയില്‍ ലഭിച്ചത്. ഇപ്പോഴും അത് തുടരുകയാണ്. അതിനിടെയാണ് മെസിയെ വീണ്ടും പാരീസില്‍ എത്തിക്കാനുള്ള നീക്കം നടക്കുന്നത്. എന്നാല്‍ പിഎസ്ജിയോ മറ്റേതെങ്കിലും ഫ്രഞ്ച് ക്ലബ്ബുകളോ അല്ല മെസിയെ പാരീസില്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ഈ വര്‍ഷം ഒളിമ്പിക്‌സ് നടക്കുന്നത് പാരീസിലാണ്. ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് അര്‍ജന്റീന യോഗ്യത നേടിയിട്ടുമുണ്ട്. സാധാരണയായി അണ്ടര്‍ 23 ടീമിനേയാണ് ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കുന്നതെങ്കിലും മൂന്ന് സീനിയര്‍ താരങ്ങളെ കൂടി കളിപ്പിക്കാന്‍ അനുവാദമുണ്ട്. ഈ സ്ഥാനങ്ങളിലൊന്നിലേക്ക് മെസിയെ എത്തിക്കാനാണ് നിലവിലെ അണ്ടര്‍ 23 ടീമിന്റെ പരിശീലകനും മെസിയുടെ അടുത്ത സുഹൃത്തും സഹതാരവുമായിരുന്ന ജാവിയര്‍ മഷരാനോ ശ്രമിക്കുന്നത്. മഷരാനോ നായകനായിരുന്നപ്പോള്‍ മെസി അദ്ദേഹത്തിന് കീഴില്‍ ദേശീയ ടീമിനായി കളിച്ചിട്ടുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button