മുംബൈ:റിസര്‍വ് ബാങ്ക് പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ലയ്ക്ക്. 461 കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളില്‍ അനാഥമായി കിടക്കുന്നത്. കോടികള്‍ നിക്ഷേപിച്ച ശേഷം മരണപ്പെട്ടവരുടെയും, അവകാശികളെ അറിയിച്ചിട്ടും പണം പിന്‍വലിക്കാന്‍ വരാത്തവരുടെയും പണം ഈ ഗണത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
ഇത്തരത്തില്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ കിടക്കുന്ന രൂപയുടെ മൂല്യം ആര്‍.ബി.ഐ പുറത്തു വിട്ടപ്പോഴാണ് തിരുവല്ല ഒന്നാം സ്ഥാനത്ത് എത്തിയത്. 150 കോടി രൂപയുമായി ഗോവയിലെ പനാജി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് കോട്ടയവും നാലാംസ്ഥാനത്ത് ചിറ്റൂരുമാണ്.കോട്ടയത്ത് 111 കോടിയും ചിറ്റൂരില്‍ 98 കോടി രൂപക്കും അവകാശികളില്ല. ആദ്യം പത്ത് സ്ഥാനങ്ങളില്‍ കേരളത്തിലെ മറ്റുസ്ഥലങ്ങളായ കൊയിലാണ്ടിയും തൃശ്ശൂരും ഉണ്ട്. 77 കോടി രൂപയാണ് കൊയിലാണ്ടിയില്‍ നിന്ന് അവകാശികളില്ലാത്ത പണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.കേരളത്തിന്റെ യൂറോപ്പ് എന്ന് അറിയപ്പെടുന്ന തിരുവല്ലയിലാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ താമസിക്കുന്നത്.
അവകാശികളില്ലാത്ത നിക്ഷേപത്തില്‍ 95 ശതമാനവും എന്‍.ആര്‍.ഐ നിക്ഷേപമാണ്. ഇന്ത്യയില്‍ ഏറ്റവുമധികം ബാങ്കുകളും ബ്രാഞ്ചുകള്‍ ഉള്ള സ്ഥലമാണ് തിരുവല്ല താലൂക്ക്. ഇന്റര്‍നാഷണല്‍ ബാങ്ക് മുതല്‍ ചെറുതും വലുതുമായ അന്‍പതിലധികം ബാങ്കുകളും 500 ബ്രാഞ്ചുകളും ആണ് തിരുവല്ല താലൂക്കില്‍ നിലകൊള്ളുന്നത്. ഇന്ത്യയിലെ മറ്റൊരു സ്ഥലത്തും ഇത്രയും ബാങ്ക് ബ്രാഞ്ചുകള്‍ ഇല്ല.