കോട്ടയത്ത് പോലീസിനെ ഭീഷണിപ്പെടുത്തി മോഷ്ടാവ്! മോഷണശ്രമത്തിനിടെ പിടിയിലായ യുവാവ് പോലീസിനെ വട്ടം ചുറ്റിച്ചത് മണിക്കൂറുകള്‍
കോട്ടയം: മോഷണശ്രമത്തിനിടെ പിടിയിലായ ആള്‍ അവശത അഭിനയിച്ചും മര്‍ദിച്ചെന്ന് കാട്ടി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇടുമെന്നും ഭീഷണിപ്പെടുത്തി പോലീസിനെ വട്ടം കറക്കിയത് ഒരു പകല്‍ മുഴുവന്‍. ചങ്ങനാശേരിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഒരു പകല്‍ നീണ്ട അഭ്യാസത്തിനൊടുവില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
നഗരമധ്യത്തിലെ പഴക്കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടയില്‍ പിടിയിലായ കങ്ങഴ അരീക്കല്‍ ചേരിയില്‍ സുനില്‍കുമാറാണ് (40) പോലീസിനു തലവേദന സൃഷ്ടിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് പട്രോളിങ്ങിലുണ്ടായിരുന്ന പോലീസ് സംഘം ഇയാളെ പിടികൂടിയത്.
ഇതിനു പിന്നാലെ നെഞ്ചുവേദന അഭിനയിച്ച സുനിലിനെ പോലീസ് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയെങ്കിലും രോഗമുള്ളതായി കണ്ടെത്താനായില്ല. ഇതോടെ വലതു കൈയ്ക്ക് ഒടിവുണ്ട്, മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകണം എന്നു പറഞ്ഞ് പ്രതി ബഹളം വെക്കാന്‍ തുടങ്ങി. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചപ്പോള്‍ വിരലിലെ എല്ലിനു പൊട്ടലുള്ളതായി കണ്ടെത്തി.
ബാന്‍ഡേജ് ഇട്ട് തിരികെ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ പോലീസ് മര്‍ദിച്ചെന്നു കാട്ടി ഫേസ്ബുക്കിലും വാട്സാപ്പിലും പോസ്റ്റുകള്‍ ഇടുമെന്ന് പറഞ്ഞ് ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതോടെ പോലീസ് ആകെ അങ്കലാപ്പിലായി. തുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കടയുടെ പൂട്ട് തകര്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് വിരലിനു മുറിവുണ്ടായതെന്ന് എസ് ഐ ഷമീര്‍ഖാന്‍ പറഞ്ഞു.