മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ പണപ്പെട്ടി എടുക്കാതെ സവാളയുമായി കടന്നു!
കൊല്‍ക്കത്ത: പച്ചക്കറിക്കടയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ പണപ്പെട്ടിയ്ക്ക് പകരം സവാളയും എടുത്ത് കടന്നുകളഞ്ഞു. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപ്പൂര്‍ ജില്ലയിലെ പച്ചക്കറി കടയില്‍ നിന്നുമാണ് അമ്പതിനായിരത്തില്‍ പരം രൂപയുടെ സവോള മോഷണം പോയത്. രാജ്യത്തു സവാള വില കിലോയ്ക്ക് 100 രൂപ കടന്ന സാഹചര്യത്തിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് മോഷ്ടാക്കള്‍ കടയില്‍ അതിക്രമിച്ചുകയറിയത്. ചൊവ്വാഴ്ച കട തുറന്നപ്പോഴാണ് കടയില്‍ മോഷണം നടന്ന വിവരം കട ഉടമയായ അക്ഷയ് ദാസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
എന്നാല്‍ പണപ്പെട്ടിയില്‍ നിന്നും ഒരു രൂപ പോലും മോഷണം പോയിരുന്നില്ലെന്നും അക്ഷയ് ദാസ് പറഞ്ഞു. സവാളയും വെളുത്തുള്ളിയും മാത്രമാണ് മോഷണം പോയതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ കേരളത്തിലും സവാള വില കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് ശരാശരി വില കിലോയ്ക്ക് 55 രൂപ. ഡല്‍ഹിയിലെ വിലയായ 80 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ സ്ഥിതി ഭേദം. സംസ്ഥാനത്തെ ഹോര്‍ട്ടികോര്‍പ് വില്പനശാലകളില്‍ ഒരു കിലോ സവാളയ്ക്ക് 60 രൂപ ഈടാക്കുമ്പോള്‍ 40 രൂപയ്ക്ക് കിട്ടുന്ന ഇടങ്ങളുമുണ്ട്. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സവാള പ്രധാനമായും കേരളത്തിലെത്തുന്നത്.