കൊച്ചി:ഹൈബ്രിഡ് കാറുകൾ (Hybrid Cars) ഇന്ത്യൻ വിപണിയിൽ ജനപ്രിതി നേടിവരികയാണ്. ഇലക്ട്രിക്ക് കാറുകളുടെ ചാർജിങ് സമയം, ബാറ്ററി മാറ്റേണ്ടി വരുമ്പോഴുള്ള ചിലവ് എന്നിവയെല്ലാം കണക്കിലെടുക്കുമ്പോൾ ഹൈബ്രിഡ് കാറുകൾ തന്നെയാണ് മികച്ചത്. പെട്രോൾ എഞ്ചിനൊപ്പം ഇലക്ട്രിക്ക് മോട്ടറുമായി വരുന്ന ഈ വാഹനങ്ങൾ മികച്ച മൈലേജും നൽകുന്നു. ഇന്ത്യയിൽ ഏറ്റവും വില കുറഞ്ഞ നാല് ഹൈബ്രിഡ് കാറുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. മാരുതി സുസുക്കി, ടൊയോട്ട, ഹോണ്ട എന്നിവയുടെ വാഹനങ്ങളാണ് ഇതിലുള്ളത്.
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ്
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് മൈൽഡ് ഹൈബ്രിഡ്, സ്ടോങ് ഹൈബ്രിഡ് എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ടൊയോട്ടയുടെ 1.5 ലിറ്റർ 4 സിലിണ്ടർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറുമാണ് സ്ട്രോങ് ഹൈബ്രിഡിൽ ഉള്ളത്. ഇത് 115 ബിഎച്ച്പി പവറും 137 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ വാഹനത്തിന്റെ സ്ട്രോങ് ഹൈബ്രിഡ് മോഡൽ 27.97 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു.
ഗ്രാൻഡ് വിറ്റാര ഹൈബ്രിഡിന്റെ സവിശേഷതകൾ
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജർ, 360-ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ് എന്നിങ്ങനെയുള്ള സവിശേഷതകളുമായിട്ടാണ് വരുന്നത്. ഇഎസ്പി, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ആറ് എയർബാഗുകൾ എന്നിവയും ഗ്രാൻഡ് വിറ്റാരയിൽ സുരക്ഷാ ഫീച്ചറുകളായിട്ടുണ്ട്. 17 വ്യത്യസ്ത വേരിയന്റുകളിൽ ലഈ വാഹനം ലഭ്യമാകും. 15.41 ലക്ഷം രൂപ മുതൽ 19.80 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ
ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിൽ 75 ബിഎച്ച്പി പവറും 141 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് കമ്പനി നൽകിയിട്ടുള്ളത്. 92 ബിഎച്ച്പി പവറും 122 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായിട്ടാണ് ഹൈറൈഡറിന്റെ സ്ട്രോങ് ഹൈബ്രിഡ് വേരിയന്റ് വരുന്നത്. ഈ വേരിയന്റിന് ശരാശരി 27.97 കിലോമീറ്റർ വരെ മൈലേജ് നൽകാൻ സാധിക്കും.
അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ സവിശേഷതകൾ
ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ മിഡ് സൈസ് എസ്‌യുവിയിൽ പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, വയർലെസ് ചാർജർ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഓട്ടോ-ഡിമ്മിങ് ഐആർവിഎം എന്നിവയുണ്ട്. ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്. ഹൈറൈഡറിന്റെ എക്സ് ഷോറൂം വില 18.24 ലക്ഷം രൂപ മുതൽ 19.74 ലക്ഷം രൂപ വരെയാണ്.
ഹോണ്ട സിറ്റി ഇ:എച്ച്ഇവി ഹൈബ്രിഡ്
ഹോണ്ട സിറ്റി ഇ:എച്ച്ഇവി ഹൈബ്രിഡിന് 20.39 ലക്ഷം രൂപ മുതലാമ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഈ ഹൈബ്രിഡ് സെഡാൻ 27.13 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു. 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനുമായി വരുന്ന വാഹനത്തിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകളുണ്ട്. ഈ മോട്ടോറുകളിലൊന്ന് ഒരു സ്റ്റാർട്ടർ/ജനറേറ്ററായി പ്രവർത്തിക്കുമ്പോൾ മറ്റൊന്ന് വാഹനത്തിനെ സഞ്ചരിക്കാൻ സഹായിക്കുന്നതാണ്.
സിറ്റി ഇ:എച്ച്ഇവിയുടെ സവിശേഷതകൾ
ഹോണ്ട സിറ്റി ഇ:എച്ച്ഇവി ഹൈബ്രിഡിലെ ഡ്യൂവൽ മോട്ടോർ സിസ്റ്റവും അറ്റ്കിൻസൺ സൈക്കിളും ചേർന്ന് 126 ബിഎച്ച്പി പവറും 253 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ADAS സാങ്കേതികവിദ്യയുടെ ഭാഗമായ കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം (സിഎംബിഎസ്), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോ ഹൈ-ബീം തുടങ്ങിയ നൂതനമായ സുരക്ഷാ ഫീച്ചറുകൾ ഈ വാഹനത്തിലുണ്ട്. ആംബിയന്റ് ലൈറ്റിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സൺറൂഫ്, ആറ് എയർബാഗുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.
ടൊയോട്ട ഇന്നോവ ഹൈക്രോസ്
ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈ-എൻഡ് മൾട്ടി പർപ്പസ് വാഹനമാണ്. ഇതിന് 25.03 ലക്ഷം രൂപ മുതൽ 29.99 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. ഈ വാഹനം പെട്രോൾ വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ രണ്ട് ഡ്രൈവ്ട്രെയിൻ ഓപ്ഷനുകളും ഇതിലുണ്ട്. വാഹനത്തിന്റെ സ്ട്രോങ് ഹൈബ്രിഡ് വേരിയന്റിന് 2.0-ലിറ്റർ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറുമാണുള്ളത്. ഇത് 184 ബിഎച്ച്പി പവറും 188 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 23.24 കിലോമീറ്റർ മൈലേജും ഈ വേരിയന്റ് നൽകുന്നു.
ഇന്നോവ ഹൈക്രോസിന്റെ സവിശേഷതകൾ
ടൊയോട്ട ഇന്നോവ ഹൈക്രോസിൽ 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ആറ് എയർബാഗുകൾ, ഇഎസ്പി, എബിഎസ്, ഹിൽ-ഹോൾഡ്, ട്രാക്ഷൻ കൺട്രോൾ, ടിപിഎംഎസ്, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ (ഡിആർസിസി), ലെയ്ൻ ട്രേസ് അസിസ്റ്റ് (എൽടിഎ) എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളുണ്ട്. മെമ്മറിയുള്ള 8 വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ് + സ്ലൈഡ് റിട്ടേൺ & എവേ ഫംഗ്‌ഷൻ, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, വോയ്‌സ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയാണ് വാഹനത്തിലെ മറ്റ് ഫീച്ചറുകൾ.