സിനിമാശാലകൾ ജനുവരി അഞ്ചിന് തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി സിനിമാ സംഘടനയായ ഫിയോക്. തീയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ ചർച്ച ചെയ്തശേഷം തീരുമാനം എടുക്കുമെന്നും ഫിയേക് അറിയിച്ചു. സിനിമാ സംഘടനയായ ഫിയോക്, നിർമാതാക്കളുടെയും വിതരണക്കാരുടെയും തീയേറ്റർ ഉടമകളുടെയും സംയുക്ത സംഘടന കൂടിയാണ്.
ഈ മാസം അഞ്ചിന് എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരും. അതിനുശേഷം നിർമാതാക്കളും വിതരണക്കാരും തമ്മിൽ ചർച്ച നടത്തും. അതിനുശേഷമേ പ്രദർശനം സംബന്ധിച്ച അന്തിമ തീരുമാനമാകൂവെന്ന് സംഘടന അറിയിച്ചു. പകുതി സീറ്റുമായി പ്രദർശനം നടത്തുന്നത് നഷ്ടമാണ്. വൈദ്യുതി ഫിക്സഡ് ചാർജ്, വിനോദ നികുതി എന്നിവയിൽ ഇളവുകിട്ടുമോയെന്ന് സർക്കാരിനോട് ആരാഞ്ഞശേഷമാകും തുടർ തീരുമാനെന്നും സംഘടന അറിയിച്ചു.
മാസങ്ങളായി തിയേറ്ററുകൾ അടഞ്ഞിരുന്നതിനാൽ ഈ രംഗത്ത് തൊഴിലെടുക്കുന്നവർക്ക് നേരിട്ട ബുദ്ധിമുട്ട് കണക്കിലെടുത്താണ് തിയറ്ററുകൾ തുറക്കാനുള്ള തീരുമാനമെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും സിനിമകളുടെ പ്രദർശനം. പകുതി ടിക്കറ്റുകളേ വിൽക്കാവൂ. അത്ര പേരെയെ പ്രവേശിപ്പിക്കാവൂ. കൊവിഡ‍് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. ഇല്ലെങ്കിൽ കർശന നടപടിയുണ്ടാകും. അഞ്ചാം തീയതി തന്നെ അണുവിമുക്തമാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.