ദോഹ:അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയ പെണ്‍കുട്ടികള്‍ മാത്രം അടങ്ങുന്ന റോബോട്ടിക്‌സ് ടീം ലോക ശ്രദ്ധപിടിച്ചുപറ്റുന്നത് 2017ലാണ്. വാഷിങ്ടണ്‍ ഡിസിയില്‍ നടത്തിയ റോബോട്ടിക്‌സ് കോംപറ്റീഷനില്‍ അവര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചത് അന്നത്തെ അമേരിക്കന്‍ പ്രസിന്റ് ട്രംപിന്റെ പ്രത്യേക ഇടപെടല്‍ മൂലമാണ്. അദ്ദേഹമാണ് അവര്‍ക്ക് ട്രാവല്‍ വീസ നല്‍കി അമേരിക്കയിലെത്തി മത്സരത്തില്‍ പങ്കെടുക്കാന്‍ സഹായിച്ചത്. അന്നത്തെ മൽസരത്തിൽ അവർ രണ്ടാം സ്ഥാനവും നേടി. എന്നാല്‍, രാജ്യം താലിബാന്‍ പിടിച്ചെടുത്തതോടെ അവരുടെ ജീവനും ഭീഷണിയായി. പിടിക്കപ്പെട്ടാൽ അവരെ വധിക്കുമെന്നുറപ്പായിരുന്നു. താലിബാൻ കാബൂളിലും എത്തിയതോടെ അവര്‍ പലരോടും മാതൃരാജ്യം വിടാനുള്ള സഹായം അഭ്യര്‍ഥിച്ചിരുന്നു.
കുട്ടികളില്‍ പത്തിലേറെ പേര്‍ ഇപ്പോള്‍ സുരക്ഷിതമായി ദോഹയില്‍ എത്തിച്ചേര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇനി എന്തു ചെയ്യുമെന്ന ചോദ്യത്തിന് അമേരിക്കയിലെ പല യൂണിവേഴ്‌സിറ്റികളും ഇവരെക്കാത്ത് സ്‌കോളര്‍ഷിപ്പുകളുമായി നില്‍ക്കുന്നു എന്നാണ് ഉത്തരം. അതേസമയം, ഭാവി കാര്യത്തെക്കുറിച്ച് കുട്ടികള്‍ എന്തെങ്കിലും തീരുമാനമെടുത്തതായി അറിയില്ല. പെണ്‍കുട്ടികളെല്ലാം എത്രയും വേഗം വിവാഹിതരാകണമെന്ന കല്‍പനയുമായി രംഗത്തെത്തിയ താലിബാന്റെ കണ്ണുവെട്ടിച്ച് ഇവർ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണെന്ന് പറയാം.
അഫ്ഗാനിസ്ഥാനില്‍ നിന്ന് റോബോട്ടിക്‌സ് ടീമിലെ പെണ്‍കുട്ടികള്‍ ദോഹയില്‍ എത്തിയെന്നത് എല്ലാ മാധ്യമ റിപ്പോര്‍ട്ടുകളും ശരിവയ്ക്കുന്നുണ്ട്. എന്നാൽ, ബിസിനസ് ഇന്‍സൈഡര്‍ മുതല്‍ ന്യൂസ് വീക്ക് വരെയുള്ള പ്രമുഖ വാര്‍ത്താ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പല കാര്യങ്ങളിലും ഇനിയും വ്യക്തത വരാനുണ്ടെന്നും പറയുന്നു. ഉദാഹരണത്തിന് ബിസിനസ് ഇന്‍സൈഡറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് 10 പെണ്‍കുട്ടികള്‍ രക്ഷപെട്ടു എന്നാണ്. അതേസമയം, വേറെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത് 12 പേരെങ്കിലും രക്ഷപെട്ടു എന്നാണ്. കുട്ടികളുടെ വയസിന്റെ കാര്യത്തിലും പൊരുത്തമില്ല. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം കുട്ടികള്‍ 13-18 വയസു വരെ പ്രായമുള്ളവരാണ്. എന്നാല്‍, വേറെ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം കുട്ടികള്‍ 16-18 വയസുള്ളവരാണ്. കുട്ടികള്‍ മാത്രമാണോ രക്ഷപ്പെട്ടത് അതോ അവരുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്. റോബോട്ടിക്‌സ് ടീമിലെ മുഴുവന്‍ അംഗങ്ങളും രക്ഷപെട്ടോ എന്ന കാര്യത്തിലും സംശയമുണ്ട്.
പ്രസവിച്ച ഒൻപത് മക്കള്‍ അടക്കം 11 മക്കളുടെ അമ്മയാണ് അഫ്ഗാനി പെണ്‍കുട്ടികളെ രക്ഷപെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അമേരിക്കിയലെ ഓക്‌ലഹോമയില്‍ നിന്നുള്ള 60 കാരിയാണ് കുട്ടികള്‍ക്ക് തുണയായത്. അലിസണ്‍ റെനോ (Allyson Reneau) എന്ന സ്ത്രീയാണ് കുട്ടികളെ രക്ഷെപെടുത്തിയതെന്നു പറയുന്നു. അലിസണോട് തങ്ങള്‍ അത്രമേല്‍ കടപ്പെട്ടിരിക്കുന്നു എന്നാണ് കുട്ടികള്‍ പ്രതികരിച്ചത്. അഫ്ഗാന്‍ ഡ്രീമേഴ്സ് (Afghan Dreamers) എന്ന പേരിലായിരുന്നു പെണ്‍കുട്ടികള്‍ വാഷിങ്ടണ്‍ ഡിസിയില്‍ 2019 മേയിൽ നടത്തിയ ഹ്യൂമന്‍സ് ടു മാഴ്‌സ് സമ്മേളനത്തില്‍ പങ്കെടുത്തത്. അവിടെ വച്ചാണ് അവര്‍ അലിസണുമായി പരിചയപ്പെടുന്നത്. തങ്ങളുടെ സ്വപ്‌നങ്ങള്‍ സഫലീകരിക്കാനും സ്വതന്ത്രരും സന്തുഷ്ടരുമായിരിക്കാനായി കുട്ടികള്‍ അഫ്ഗാന്‍ വിട്ടു എന്നാണ് അലിസണ്‍ പ്രതികരിച്ചത്. ഒൻപത് മക്കളെ പ്രസവിച്ച അമ്മ എന്ന നിലയില്‍ തനിക്ക് അവരോട് പെട്ടെന്നു തന്നെ അടുപ്പം തോന്നിയെന്ന് അലിസണ്‍ പ്രതികരിച്ചു.
ആഴ്ചകളായി കുട്ടികള്‍ തനിക്ക് ടെക്‌സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കുകയായിരുന്നു എന്ന് അലിസണ്‍ പറഞ്ഞു. അങ്ങനെ ഓഗസ്റ്റിൽ ഒരു ദിവസം രാവിലെ ഉണരുമ്പോള്‍ കുട്ടികള്‍ക്ക് എന്തൊക്കെയോ കടുത്ത പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന തോന്നലുണ്ടായി. അവര്‍ അപകടത്തിലാണെന്നു തോന്നി. ആ തോന്നല്‍ തന്നില്‍നിന്നു വിട്ടുപോയില്ല. നടപടി സ്വീകരിച്ചേ മതിയാകൂ എന്നു മനസു പറഞ്ഞു. അടുത്ത ദിവസങ്ങളിലെല്ലാം താന്‍ സെനറ്ററോടും പ്രാദേശിക അധികാരികളോടും കുട്ടികളെ രക്ഷപെടുത്തുന്ന കാര്യം സംസാരിച്ചു. ഇതൊന്നും ഫലം കാണാതെ വന്നപ്പോള്‍ അലിസണ്‍ നേരിട്ട് ഖത്തറിലേക്കു പോകാന്‍ തയാറായി.
ഖത്തറിലേക്കു പോകുന്നതിനു മുൻപ്, എംബസിയില്‍ ജോലി ചെയ്യുന്ന ആ രാജ്യത്തുള്ള തന്റെ സുഹൃത്തുമായി സംസാരിക്കുകയും ചെയ്തു. ആ സുഹൃത്താണ് അതിവേഗം പേപ്പറുകളെല്ലാം ശരിയാക്കി കുട്ടികളെ കാബൂളിനു വെളിയില്‍ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയത്. കുട്ടികള്‍ രക്ഷപെട്ട് ഖത്തറിലെത്തിയെന്ന വാര്‍ത്ത കേട്ട് താന്‍ വികാരാധീനയായി എന്ന് അവര്‍ പറയുന്നു. പെണ്‍കുട്ടികളില്‍ ഒരാള്‍ തങ്ങള്‍ അഫ്ഗാനില്‍ നിന്നു രക്ഷപെടാനുള്ള ശ്രമത്തില്‍ വിജയിച്ചു എന്നറിയിച്ച് അയച്ച ടെക്സ്റ്റ് സന്ദേശവും കാണിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി നിരന്തരം നേരിട്ട തടസങ്ങളും കുട്ടികളുടെ സുരക്ഷയെക്കുറിച്ചോര്‍ത്തുണ്ടായ ആധിയും സന്തോഷവും എല്ലാം കലര്‍ന്ന സമ്മിശ്രവികാരമായിരുന്നു തനിക്കെന്നും അവര്‍ പറഞ്ഞു.
ഇനി എങ്ങോട്ടു പോകണം? ഇതേക്കുറിച്ച് വൈകാതെ തന്നെ കുട്ടികൾ തീരുമാനമെടുക്കുമെന്നാണ് അലിസണ്‍ പറഞ്ഞത്. അമേരിക്കയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികള്‍ തന്നെ അവര്‍ക്ക് ധാരാളം സ്‌കോളര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ജീവിതത്തില്‍ ആദ്യമായി തങ്ങള്‍ സ്വതന്ത്രരായി എന്നും തങ്ങളുടെ ഭാവിയെക്കുറിച്ചു സ്വയം തീരുമാനം എടുക്കാനുള്ള കഴിവുള്ളവരുമായിരിക്കുകയാണ് അവര്‍. അവര്‍ക്ക് എവിടെയെങ്കിലും പോയി വിദ്യാഭ്യാസം നേടാന്‍ സാധിക്കുമെന്നതിൽ തനിക്കു ഏറെ സന്തോഷമുണ്ടെന്നും അലിസണ്‍ പറഞ്ഞു.
കുട്ടികള്‍ സുരക്ഷിതരായി എത്തിയെന്ന് ഖത്തര്‍ എംബസി അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ക്ക് സാഹയമൊരുക്കലും തുടങ്ങി. ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സിറ്റിസണ്‍ ഫണ്ടിന്റെ ഉപദേശകയായ എലിസബത്ത് ബ്രൗണ്‍ പറയുന്നത് അവര്‍ക്ക് വേണ്ട ധനസമാഹരണം എത്രയും വേഗം നടത്തണമെന്നാണെന്ന് ദി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. അവരുടെ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ അവരെ സഹായിക്കാനാണ് ശ്രമം. കുട്ടികള്‍ താലിബാനെക്കുറിച്ചോ, യുദ്ധത്തെക്കുറിച്ചോ ഒന്നുമല്ല സംസാരിച്ചത്. അവരുടെ ഭാവിയേക്കുറിച്ചാണ് എന്നും എലിസബത്ത് പറയുന്നു. അവര്‍ക്ക് ചൊവ്വയില്‍ പോകണം, അവര്‍ക്ക് ഹാര്‍വാര്‍ഡില്‍ പോകണം, ഖനനം നടത്താനുള്ള റോബോട്ടിനെ ഉണ്ടാക്കണം, വിഡിയോ ഗെയിമുകള്‍ നിർമിക്കണം തുടങ്ങിയ സ്വപ്‌നങ്ങളാണ് ഉള്ളതെന്നും എലിസബത്ത് പറയുന്നു.