KeralaNews

ചോറ്റാനിക്കരയിലെ പെൺകുട്ടി മരിക്കാൻ കാരണം വൈദ്യസഹായം വൈകിയത്;ജീവൻ പോകുമെന്നറിഞ്ഞിട്ടും തിരിഞ്ഞ് നോക്കിയില്ല

കൊച്ചി: കഴുത്തിൽ ഷാൾ കുരുങ്ങിയതും വൈദ്യസഹായം വൈകിയതുമാണ് ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. പെൺകുട്ടി ലൈംഗിക അതിക്രമം നേരിട്ടതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. കൊടും ക്രൂരതക്കൊടുവിൽ സഹികെട്ട് ഷാളിൽ കുരുക്കിട്ട് പെൺകുട്ടി ഫാനിൽ തൂങ്ങി മരിക്കാനൊരുങ്ങി. പോയി ചത്തോ എന്ന് അനൂപ് ആക്രോശിച്ചതോടെയാണ് ചോറ്റാനിക്കരയിലെ പെൺകുട്ടി ഷാളിൽ തൂങ്ങിയത്. ഇതും പെൺകുട്ടിയെ ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌ മോർട്ടം റിപ്പോട്ട്. ഒരു പകൽ മുഴുവൻ വൈദ്യ സഹായം നിഷേധിച്ചതും ജീവൻ അപകടത്തിലാക്കി.

വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ പെൺകുട്ടിക്ക് മസ്തിഷ്ക്ക മരണം സംഭവിച്ചിരുന്നു. പെൺകുട്ടി ലൈംഗിക അതിക്രമം നേരിട്ടെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതായി ചോറ്റാനിക്കര എസ്എച്ച്ഒ കെ.എൻ. മനോജ്‌ പറഞ്ഞു. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച ഞായറാഴ്ച രാത്രിയും അനൂപ് ആ വീടിന്റെ പരിസരത്ത് എത്തിയിരുന്നു. അകത്തുവെളിച്ചം കണ്ടപ്പോ പ്രശനങ്ങളൊന്നുമില്ലെന്ന് ധരിച്ചു. ഒളിവിൽ പോയതുമില്ല. ഇതോടെയാണ് അനൂപിനെ പൊലീസിന് വേഗത്തിൽ പിടികൂടാനായത്.  

പോസ്റ്റ്‌മോർട്ടത്തിനു ശേഷം ശനിയാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം ചോറ്റാനിക്കരയിലെ വീട്ടിൽ എത്തിച്ചത്, ബന്ധുക്കളും കൂട്ടുകാരുമെല്ലാം 19കാരിയെ അവസാനമായി കണ്ടു. മൂന്നരയോടെ മൃതദേഹം തൃപ്പൂണിത്തുറ നടമേൽ മാർത്താ മറിയം പള്ളിയിൽ എത്തിച്ചു. അര മണിക്കൂറോളം നീണ്ട പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം മൃതദേഹം കുടുംബ കല്ലറയിലടക്കി. പഠിക്കാൻ ചെറിയ ബുദ്ധിമുട്ടുകൾ നേരിട്ട പെൺകുട്ടി പത്താംക്ലാസ് വരെ സ്പെഷ്യൽ സ്കൂളിലായിരുന്നു. 2022 ൽ അമേരിക്കയിൽ നടന്ന സ്പെഷ്യൽ സ്കൂൾ ഒളിംപിക്സിൽ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. അന്ന് വെങ്കല മെഡലും നേടിയിരുന്നു. 

ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്താണ് അനൂപ് പെൺകുട്ടിയുമായി അടുത്തതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യം എന്നാണ് പൊലീസ് പറയുന്നത്. അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് അമ്മയോട് പോലും പെൺകുട്ടി തർക്കിച്ചിരുന്നു. തന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചുപിടിച്ചാണ് അനൂപ് പെൺകുട്ടിയുമായി അടുത്തത്.

ആദ്യം ലൈക്കടിച്ചും തുടര്‍ന്ന് ഫോളോ ചെയ്തും മെസേജുകള്‍ അയച്ചും തുടങ്ങിയ ഇന്‍സ്റ്റഗ്രാം സൗഹൃദം പക്ഷേ 19 കാരിയുടെ ജീവനെടുത്തു. വധശ്രമ കേസും ബലാല്‍സംഗ കേസുമാണ് പ്രതി അനൂപിനെതിരെ ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടിയുടെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker