കൂട്ടുകുടുംബത്തിലുണ്ടായ പ്രശ്‌നങ്ങള്‍;ജഗത്തിനൊപ്പമുള്ള അമലയുടെ ചിരിക്ക് കാരണം
ചെന്നൈ:രണ്ടാമതും വിവാഹത്തിന് തയ്യാറെടുക്കുന്ന അമല പോൾ സിനിമാ ലോകത്ത് വാർത്തകളിൽ നിറയുകയാണ്. ജഗത് ദേശായിയാണ് അമല പോളിനെ വിവാഹം കഴിക്കാൻ പോകുന്നത്. ജഗത്തിന്റെ പ്രൊപ്പോസലിന് അമല പോൾ സമ്മതം പറയുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രണയത്തിലാണെന്ന കാര്യം അമല പോൾ ഇതുവരെ തുറന്ന് പറഞ്ഞിരുന്നില്ല. സോഷ്യൽ മീഡിയയിലും ജഗത്തിനൊപ്പമുള്ള ഫോട്ടോകൾ നേരത്തെ അമല പങ്കുവെച്ചിട്ടില്ല. അതിനാൽ തന്നെ വിവാഹ പ്രൊപ്പോസൽ വീഡിയോ ഏവർക്കും സർപ്രെെസായി.
അമല പോളിന്റെ ആദ്യ വിവാഹവും വേർപിരിയലും വലിയ തോതിൽ സിനിമാ ലോകത്ത് ചർച്ചയായിരുന്നു. സംവിധായകൻ എഎൽ വിജയിനെയാണ് അമല പോൾ ആദ്യം വിവാഹം ചെയ്തത്. എഎൽ വിജയുടെ തലൈവ എന്ന സിനിമയിൽ നായികയായെത്തിയത് അമല പോളായിരുന്നു. സിനിമയുടെ ഷൂട്ടിംഗിനിടെയാണ് രണ്ട് പേരും പ്രണയത്തിലാകുന്നത്. 2014 ൽ വിവാഹിതരായ ഇരുവരും 2017 ൽ വേർപിരിഞ്ഞു.
വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും മാറാനായിരുന്നു അമല ആദ്യം തീരുമാനിച്ചത്. എന്നാൽ വേർപിരിഞ്ഞതോടെ നടി സിനിമാ രംഗത്ത് സജീവമായി. അടിമുടി മാറ്റങ്ങളോടെയാണ് അമലയെ പിന്നീട് പ്രേക്ഷകർ കണ്ടത്. വ്യത്യസ്തമായ സിനിമകളുടെ ഭാഗമാകാൻ അമല തയ്യാറായി. അമല പോളിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
തമിഴകത്ത് തിരക്കേറി വന്ന സമയത്ത് വിവാഹം ചെയ്തതതാണ് അമല പോൾ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് ചെയ്യാറു ബാലു പറയുന്നു. രണ്ട് വർഷത്തിനുള്ളിൽ ആ ബന്ധം പിരിഞ്ഞു. അതിന് പല കാരണങ്ങളും പറയപ്പെടുന്നുണ്ട്. വിജയുടേത് വലിയ കൂട്ടുകുടുംബമാണ്. അമല പോളിനും കുടുംബത്തിനും ഇടയിൽ ചില തെറ്റിദ്ധാരണകൾ വന്നു. വളരെ നല്ല വ്യക്തിയാണ് എഎൽ വിജയ്. ശബ്ദമുയർത്തി സംസാരിക്കുക പോലുമില്ല. പ്രശ്നങ്ങൾ വന്നതോടെ ഇരുവരും പിരിഞ്ഞെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.
ഇതിന് ശേഷം അമല പോളിന് വന്ന മാറ്റത്തെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു. എഎൽ വിജയ് മറ്റൊരു വിവാഹം ചെയ്തു. മനോവിഷമം കൊണ്ടോ എന്തോ അമല ആത്മീയതയിലേക്ക് കടന്നു. കുറച്ച് നാൾ പോണ്ടിച്ചേരിയിൽ തങ്ങി ധ്യാനവും യോഗവും ചെയ്തു. വ്യക്തി ജീവിതത്തിലെ വിഷമങ്ങൾ അമലയെ ബാധിച്ചിരിക്കാമെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.
അമലയുടെ മുൻ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ മുഖത്ത് ഒരു ദുഖമുണ്ട്. എന്നാൽ ഭാവിവരനൊപ്പമുള്ള ചിത്രത്തിൽ നിറഞ്ഞചിരിയുണ്ട്. തനിക്കായി ഒരു തുണയെ ലഭിച്ചതിലുള്ള സന്തോഷമാണ് ഇതിന് കാരണമെന്നും ചെയ്യാറു ബാലു പറഞ്ഞു. സംരഭകനാണ് അമലയുടെ പങ്കാളി ജഗത് ദേശായി. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് അമല ഇപ്പോൾ പൊതുവിടങ്ങളിൽ സംസാരിക്കാറില്ല. ഒരു കാലത്ത് തുടരെ വന്ന ഗോസിപ്പുകൾ നടിയെ തേടി വന്നിരുന്നു.
അഭിനയ രംഗത്ത് നിന്നും ഒരു ഘട്ടത്തിൽ അമല പോൾ മാറി നിന്നു. കഡാവർ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയത്. ടീച്ചർ, ക്രിസ്റ്റഫർ എന്നിവയാണ് അമലയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമകൾ. ആടുജീവിതമാണ് മലയാളത്തിൽ അമലയുടെ വരാനിരിക്കുന്ന ചിത്രം.