ന്യൂഡൽഹി: സുരക്ഷയുടെ പേരിൽ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം. ഫോണിലെ പ്രീ ഇൻസ്റ്റാൾഡ് ആപ്പുകൾ നീക്കം ചെയ്യുന്നതിന് ഉപയോക്താവിന് അവസരം നൽകുന്ന തരത്തിൽ മാറ്റം വരുത്തണമെന്ന് സ്മാർട്ട്ഫോൺ നിർമ്മാതാക്കളോട് കേന്ദ്രം ആവശ്യപ്പെട്ടേക്കും. ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റുകൾ നിർബന്ധമായി സ്‌ക്രീനിങ്ങിന് വിധേയമാക്കണം എന്നതടക്കമുള്ള നിർദ്ദേശങ്ങൾ പുതിയ സുരക്ഷാ ചട്ടത്തിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ചൈനീസ് ഫോൺ നിർമ്മാതാക്കൾക്കും സാംസങ്, ആപ്പിൾ പോലെയുള്ള മുൻനിര കമ്പനികൾക്കും നിർദ്ദേശം നടപ്പായാൽ തിരിച്ചടി നേരിടേണ്ടി വരും. പ്രീ ഇൻസ്റ്റാൾഡ് ആപ്പുകൾ വഴിയുള്ള ബിസിനസിൽ ഇടിവ് സംഭവിക്കാൻ ഇത് ഇടയാക്കിയേക്കും. ലോകത്തെ വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ.
സുരക്ഷ കണക്കിലെടുത്താണ് കേന്ദ്രസർക്കാർ നടപടികൾ കടുപ്പിക്കാൻ ഒരുങ്ങുന്നത്. ചാരപ്രവൃത്തി, ഡേറ്റയുടെ ദുരുപയോഗം എന്നിവ തടയുന്നതിനാണ് പുതിയ ചട്ടത്തിലൂടെ സർക്കാർ ആലോചിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പ്രീ ഇൻസ്റ്റാൾഡ് ആപ്പുകൾ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നാണ് സർക്കാർ വിലയിരുത്തൽ. ചൈന പോലെയുള്ള രാജ്യങ്ങൾ ഈ ദൗർബല്യം മുതലെടുക്കുന്ന സാഹചര്യം ഉണ്ടാവരുത്.
ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്നും സർക്കാാർ വൃത്തങ്ങൾ പറഞ്ഞു. 2020 മുതൽ ചൈനീസ് ബിസിനസുകളെ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. സുരക്ഷാഭീഷണി ചൂണ്ടിക്കാണിച്ച് ഇതുവരെ 300ലധികം ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്.