കോട്ടയം: കോട്ടയം ഡിസിസിയിൽ ഫെയ്സ്ബുക്ക് വിവാദം. തരൂരിനെതിരെ രൂക്ഷ പരാമർശങ്ങളുമായി വന്ന പോസ്റ്റാണ് വിവാദത്തിലായത്. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിൽ വന്ന പോസ്റ്റാണ് വിവാദത്തിലായത്. വിവാദമായതോടെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പരാതി നൽകാൻ തരൂർ അനുകൂലികൾ രംഗത്തെത്തിയതോടെ വിശദീകരണവുമായി നാട്ടകം സുരേഷ് രംഗത്തെത്തി. ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ല. പേജിൽ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും നാട്ടകം സുരേഷ് വിശദീകരിച്ചു. അതേസമയം പേജിൽ നൽകിയിരിക്കുന്ന ഫോൺ നമ്പരടക്കം നാട്ടകത്തിന്റേതെന്ന് തരൂർ അനുകൂലികൾ പറയുന്നു.
കോട്ടയത്ത് പൊതുപരിപാടിക്കെത്തിയ തരൂർ ജില്ലാ കോൺഗ്രസ് കമ്മറ്റിയെ അറിയിക്കാതെയാണ് വന്നതെന്ന് നാട്ടകം സുരേഷ് ആരോപിച്ചിരുന്നു. തരൂരിന്റെ പരിപാടികളിൽ നിന്ന് വിട്ടുനിന്ന സുരേഷ് തരൂരിനെതിരെ പരാതി നൽകുമെന്നും വ്യക്തമാക്കിയിരുന്നു.
തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായ വിഴിഞ്ഞത്ത് സമവായം വേണമെന്ന് ശശി തരൂർ എംപി. സർക്കാരിന്റെ ഭാഗത്ത് നിന്നും സമരസമിതിയുടെ ഭാഗത്ത് നിന്നും അതിന് വേണ്ട നടപടികൾ ഉണ്ടാകണം. മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരല്ല. പ്രളയത്തിൽ രക്ഷക്കെത്തിയവർക്കായി നമ്മൾ തിരിച്ച് എന്ത് ചെയ്തുവെന്നത് ചോദ്യമാണെന്നും തരൂർ കൊച്ചിയിൽ പറഞ്ഞു. കൊച്ചിയിൽ കർദ്ദിനാൾ ആലഞ്ചേരിയുമായും തരൂർ കൂടിക്കാഴ്ച നടത്തി.
കോട്ടയത്തെ യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും തരൂർ മറുപടി നൽകി. കോട്ടയത്തെ പരിപാടിക്ക് എല്ലാരെയും അറിയിച്ചിട്ടാണ് താൻ പോയതെന്ന് തരൂർ ആവർത്തിച്ചു. എൻസിപിയിലേക്കുള്ള പിസി ചാക്കോയുടെ ക്ഷണം തള്ളിയ തരൂർ, താൻ എൻസിപിയിലേക്ക് പോകുന്നില്ലെന്നും പിന്നെയല്ലെ സ്വാഗതം ചെയ്യേണ്ട കാര്യമുള്ളുവെന്നും കൂട്ടിച്ചേർത്തു.
വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘം സന്ദർശനം നടത്തും. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം സന്ദർശിക്കുന്നത്.
ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം തുടങ്ങിയവരാണ് സമാധാന ദൗത്യ സംഘത്തിൽ ഉള്ളത്. സംഘർഷത്തിൽ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകരെയും സംഘം സന്ദർശിക്കും. മുല്ലൂരിലെ സമരപ്പന്തലുകളും സന്ദര്‍ശിക്കും.