31.1 C
Kottayam
Wednesday, May 15, 2024

രക്ഷാപ്രവർത്തനം വൈകി; കിണറ്റിൽനിന്ന് വനംവകുപ്പ് പുറത്തെടുത്ത പുലി ചത്തു

Must read

കണ്ണൂര്‍: പാനൂര്‍ പെരിങ്ങത്തൂരില്‍ കിണറ്റില്‍നിന്നു വനംവകുപ്പ് പുറത്തെടുത്ത പുലി ചത്തു. അണിയാരത്തെ സുധീഷിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ബുധനാഴ്ച രാവിലെ 9.30-നായിരുന്നു പുലിയെ കണ്ടെത്തിയത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനായത് വൈകിട്ട് 4.30-ഓടെ മാത്രമാണ്. ഒരുമണിക്കൂറിലധികം നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ കൂട്ടിലാക്കി വയനാട്ടിലേക്ക് കൊണ്ടുപോകുംവഴിയാണ് പുലി ചത്തത്. 10 മീറ്റര്‍ ആഴമുള്ള കിണറായതിനാല്‍ വീഴ്ചയില്‍ പുലിക്ക് പരിക്കുപറ്റിയിട്ടുണ്ടാവാമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. വ്യാഴാഴ്ച വയനാട്ടില്‍നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിലേ മരണകാരണം വ്യക്തമാകൂ.

നേരത്തെ, വലയില്‍ കുടുക്കിയശേഷം മയക്കുമരുന്നു കുത്തിവെച്ചാണ് പുലിയെ കിണറ്റിന് പുറത്തെത്തിച്ചത്. വനംവകുപ്പിന്റെ പ്രത്യകസംഘം വയനാട്ടില്‍നിന്നും ഇവിടേക്കെത്തുകയായിരുന്നു. വയനാട്ടില്‍നിന്നെത്തിയ വെറ്റിനറി സര്‍ജന്‍ അജേഷ് മോഹന്‍ദാസും പോലീസും സംഭവസ്ഥലത്തെത്തിയിരുന്നു.

രണ്ടരമീറ്ററിലധികം വെള്ളമുള്ള കിണര്‍ വറ്റിച്ചശേഷമാണ് ദൗത്യം ആരംഭിച്ചത്. പുലിയെ കിണറിന്റെ പകുതിയോളം ഉയര്‍ത്തിയ ശേഷം ആദ്യം മയക്കുവെടിവെയ്ക്കുകയായിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെയാണ് മയക്കുമരുന്ന് കുത്തിവെച്ചത്. തുടര്‍ന്ന് പാതിമയങ്ങിയ പുലിയെ പുറത്തെടുത്ത് വാഹനത്തിലെ കൂട്ടിലേക്കുമാറ്റുകയായിരുന്നു. ഈസമയം പുലിയുടെ ആരോഗ്യനില വളരെമോശമായിരുന്നു.

അതേസമയം, പ്രദേശത്ത് ആദ്യമായാണ് പുലി എത്തുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലി എങ്ങനെ ഇവിടേയ്ക്ക് എത്തിയെന്നത് കണ്ടെത്തണമെന്നും ആശങ്ക അകറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പെരിങ്ങത്തൂര്‍ പുഴ താണ്ടിയാവാം പുലി എത്തിയത് എന്നാണ് ഡി.എഫ്.ഒ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week