പുനലൂര്‍: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി. ബസിന് തീപ്പിടിച്ചു. ഉടന്‍ ബസ് നിര്‍ത്തി ആളുകളെ പുറത്തിറക്കിയതിനാല്‍ അപായമുണ്ടായില്ല. പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ പുനലൂര്‍ നെല്ലിപ്പള്ളിയില്‍ തിങ്കളാഴ്ച രണ്ടരയോടെയാണ് സംഭവം. ഡീസല്‍ ചോര്‍ച്ചയാണ് കാരണമെന്ന് കരുതുന്നു.
നിറയെ യാത്രക്കാരുമായി പുനലൂരില്‍ നിന്നും കായംകുളത്തേക്ക് പോയ, കായംകുളം ഡിപ്പോയിലെ ഓര്‍ഡിനറി ബസിനാണ് തീപിടിച്ചത്. പുനലൂര്‍ ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് മിനിറ്റുകള്‍ക്കുള്ളിലായിരുന്നു സംഭവം. അടിഭാഗത്തുനിന്നും തീപടരുന്നത് കണ്ട് പിന്നാലെ വാഹനത്തില്‍ വന്നവര്‍ ബസ് നിര്‍ത്തിച്ചു. ഉടന്‍തന്നെ മുഴുവന്‍ യാത്രക്കാരേയും പുറത്തിറക്കി. ഇതിനിടെ അടിഭാഗത്തുനിന്നും തീ ആളിപ്പടരാന്‍ തുടങ്ങിയിരുന്നു. കനത്തപുകയും ഉയര്‍ന്നു.
ഈ സമയം റോഡിലുണ്ടായിരുന്നവരും സമീപത്തെ വ്യാപാരികളും ഓടിയെത്തി വെള്ളമൊഴിച്ച് തീകെടുത്തി. ഇതിനിടെ അഗ്‌നിരക്ഷാ സേനയുമെത്തി. എന്‍ജിന്‍ ഭാഗം കത്തിനശിച്ച ബസ് പിന്നീട് റോഡിന്റെ വശത്തേക്ക് മാറ്റി. യാത്രക്കാരെ മറ്റു ബസുകളില്‍ കയറ്റി അയയ്ക്കുകയും ചെയ്തു.