അതിജീവനത്തിലെ കേരള മോഡല്‍,ഇന്ത്യയിലെ ഏക ഓക്‌സിജന്‍ മിച്ച സംസ്ഥാനം,അയല്‍സംസ്ഥാനങ്ങള്‍ക്കും ഓക്‌സിജന്‍ നല്‍കുന്ന വിജയകഥയിങ്ങനെ
കൊച്ചി:കൊവിഡ് രണ്ടാം തരംഗം രാജ്യമൊട്ടാകെ ആഞ്ഞടിയ്ക്കുമ്പോള്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഓക്‌സിജന്‍ ക്ഷാമമാണ്.പ്രാണവായു ലഭ്യമല്ലാതെ നൂറുകണക്കിന് രോഗികളാണ് വിവിധ സംസ്ഥാനങ്ങളിലായി ജീവന്‍ വെടിയുന്നത്.അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയായി മാറുകയാണ് രാജ്യത്തെ ഓക്‌സിജന്‍ ദൗര്‍ലഭ്യം.
ഡല്‍ഹി, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികള്‍ ഓക്‌സിജന്‍ ക്ഷാമം മൂലം വലയുമ്പോള്‍ കേരളത്തിലെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. ഓക്‌സിജന്‍ മിച്ചമുള്ള ഒരേയൊരു സംസ്ഥാനമായ കേരളം തമിഴ്‌നാട്, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകുന്നുമുണ്ട്.
പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പി ഇ എസ് ഒ) കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ഓക്‌സിജന്‍ ഉത്പാദനം പ്രതിദിനം 199 മെട്രിക്ടണ്‍ ആണ്. കോവിഡ് രോഗികള്‍ക്ക് സംസ്ഥാനത്ത് പ്രതിദിനം ആവശ്യമായ ഓക്‌സിജന്റെ അളവ് 35 മെട്രിക്ടണ്ണുംകോവിഡിതര രോഗികള്‍ക്ക് ഇത് 45 മെട്രിക്ടണ്ണുമാണ്.
സംസ്ഥാനത്തിന്റെമൊത്തം ഓക്‌സിജന്‍ ഉത്പാദന ശേഷി പ്രതിദിനം 204 മെട്രിക്ടണ്ണാണ്. പ്രതിദിനം 149 മെട്രിക്ടണ്‍ ഉത്പാദനശേഷിയുള്ളഐനോക്സ്, 6 മെട്രിക്ടണ്‍ ഉത്പാദനശേഷിയുള്ളകേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്, 5.45 മെട്രിക്ടണ്‍ ഉത്പാദനശേഷിയുള്ളകൊച്ചിന്‍ ഷിപ്യാര്‍ഡ്, 0.322 മെട്രിക്ടണ്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയാണ് കേരളത്തിലെ പ്രധാന ഓക്‌സിജന്‍ ഉത്പാദകര്‍. ഇത് കൂടാതെ 11 എയര്‍ സെപ്പറേഷന്‍ യൂണിറ്റുകള്‍ പ്രതിദിനം ഏതാണ്ട് 44 മെട്രിക്ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും ഓക്‌സിജന്റെ ലഭ്യതയും സംഭരണശേഷിയും എത്രത്തോളമുണ്ടെന്ന് വിലയിരുത്തുകയുംഓക്‌സിജന്‍ കൊണ്ടുപോകുന്നതിനുള്ള പരിമിതികള്‍ എന്തൊക്കെയാണെന്ന്പരിശോധിക്കുകയുംചെയ്യുന്നു.
ഗതാഗത ശേഷി, ബള്‍ക്ക് ടാങ്കുകളുടെ ലഭ്യത, ദൂരം, റോഡുകളുടെ അവസ്ഥ, സുരക്ഷ മുതലായ കാര്യങ്ങളും പി ഇ എസ് ഒ വിലയിരുത്തുന്നു. ‘ദ്രാവക ഓക്‌സിജനെ ബാഷ്പീകരിക്കാനുള്ള ശേഷി വിലയിരുത്തുക ഞങ്ങളാണ്. ഓക്‌സിജന്‍ തെറാപ്പി നല്‍കുന്നതിന് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്‍സ്റ്റാളറിനുണ്ടെന്നും ഞങ്ങള്‍ ഉറപ്പു വരുത്തുന്നു.’, പി ഇ എസ് ഒ-യുടെ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്സും കേരളത്തിന്റെയുംലക്ഷദ്വീപിന്റെയുംഓക്‌സിജന്‍ വിതരണത്തിന്റെനോഡല്‍ ഓഫീസറുമായ ആര്‍ വേണുഗോപാല്‍ പറയുന്നു.
കോട്ടയം, എറണാകുളം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളിലേക്കായി മൂന്ന് പ്രെഷര്‍ സ്വിങ്അബ്സോര്‍പ്ഷന്‍ സംവിധാനങ്ങള്‍ ( പി എസ് എ) കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ സജ്ജീകരിച്ചു വരികയാണ്. പൈപ്പിങ്, ഇലക്ട്രിക് സംബന്ധമായ ജോലികള്‍ കൂടി കഴിഞ്ഞാല്‍ ഈ സംവിധാനം ഉപയോഗിച്ച് ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.
കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിയ്ക്കുന്നതോടെ അടുത്ത ദിവസങ്ങളില്‍ കേരളത്തിലും ഓക്‌സിജന്റെ ആവശ്യം വര്‍ധിക്കുമെന്ന് അധികൃതര്‍ കണക്കു കൂട്ടുന്നു. ഏപ്രില്‍ 25 ആകുമ്പോഴേക്കും 105,000 രോഗികള്‍ക്ക് 51.45 മെട്രിക്ടണ്‍ ഓക്‌സിജന്‍ പ്രതിദിനം ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡിതര രോഗികള്‍ക്ക് 47.16 മെട്രിക്ടണ്‍ ഓക്‌സിജനും ആവശ്യമായി വരുമെന്ന് കരുതപ്പെടുന്നു.
കോവിഡിന്റെ ആദ്യത്തെ തരംഗത്തിന്‌ശേഷം കേരളം ഐ സി യു കിടക്കകളുടെ എണ്ണം കൂട്ടുകയുംവെന്റിലേറ്ററുകളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. നിലവില്‍ 9,735 ഐ സി യു കിടക്കകളില്‍ 999 എണ്ണം മാത്രമേ ഉപയോഗിക്കേണ്ടിവന്നിട്ടുള്ളൂ. 3,776 വെന്റിലേറ്ററുകളില്‍ 277 എണ്ണം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. നിലവില്‍ കേരളത്തിന് ഓക്‌സിജന്‍ ക്ഷാമം നേരിടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുന്നത് ഈ കാരണങ്ങള്‍ കൊണ്ടാണ്.