
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാൻ. ഇന്ന് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ ഇപ്പോൾ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല.
88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ശ്വാസകോശ അണുബാധയിൽ കുറവുണ്ടായതായി ചികിത്സക്കിടെ വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു.
ഇന്നലെ ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ചാപ്പലിലെ പ്രാര്‍ത്ഥനയിൽ പങ്കെടുത്തെന്നുമാണ് വത്തിക്കാൻ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ മോശമായെന്ന പുതിയ അറിയിപ്പ് ഉണ്ടായിരിക്കുന്നത്.
അതേസമയം മാർപാപ്പയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ ലോകമാകെയുള്ള വിശ്വാസികൾ തുടരുകയാണ്. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ജപമാലയർപ്പണമടക്കം നടത്തിയിട്ടുണ്ട്. തനിക്ക് വേണ്ടി പ്രാർത്ഥനകളിൽ ഏർപ്പെട്ടവർക്ക് ഫ്രാൻസിസ് മാർപ്പാപ്പ നന്ദി അറിയിച്ചതായി നേരത്തെ വത്തിക്കാൻ വക്താവ് അറിയിച്ചിരുന്നു. എത്രയും വേഗം മാർപാപ്പ സുഖമായി തിരിച്ചുവരുമെന്ന പ്രത്യാശയും വത്തിക്കാൻ വക്താവ് പങ്കുവച്ചിട്ടുണ്ട്.