FootballNationalNewsSports

FIFA WORLD CUP 2022:ലോകകപ്പില്‍ ടീമില്ലെങ്കിലും ഫുട്‌ബോള്‍ ആഘോഷമാക്കി ഇന്ത്യക്കാര്‍,കളി കാണാന്‍ അര്‍ജന്റീനയേക്കാള്‍ കാണികളെത്തിയത് ഇന്ത്യയില്‍ നിന്ന്,ആദ്യ സ്ഥാനത്ത് ഈ രാജ്യമാണ്‌

ദോഹ: ലോകകപ്പ് വേളയില്‍ ഇതുവരെ ഖത്തറിലെത്തിയ വിദേശികളില്‍ 55 ശതമാനവും 10 രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ഖത്തര്‍ ടൂറിസം വെളിപ്പെടുത്തി. സൗദി അറേബ്യ, ഇന്ത്യ, യുഎസ്എ, മെക്‌സിക്കോ, ബ്രിട്ടന്‍, അര്‍ജന്റീന, ഈജിപ്ത്, ഇറാന്‍, മൊറോക്കോ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ആരാധകര്‍ ഖത്തറിലെത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത് സൗദി അറേബ്യയില്‍ നിന്നാണ്. ആകെ സന്ദര്‍ശകരുടെ 11 ശതമാനവും സൗദി അറേബ്യയില്‍ നിന്നുള്ളവരാണെന്നും ഖത്തര്‍ ടൂറിസം വെളിപ്പെടുത്തി.

സൗദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഖത്തറിലെത്തിയത് ഇന്ത്യയില്‍ നിന്നാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ സന്ദര്‍ശകരുടെ ഒന്‍പത് ശതമാനമാണ് ഇന്ത്യക്കാര്‍. യുഎസ്എയില്‍ നിന്ന് ഏഴ് ശതമാനം പേരും മെക്‌സിക്കോ, ബ്രിട്ടിന്‍ എന്നിവിടങ്ങളില്‍ നിന്ന് ആറു ശതമാനം വീതവും അര്‍ജന്റീനയില്‍ നിന്ന് നാലു ശതമാനവും ഈജിപ്ത്, ഇറാന്‍, മൊറോക്കോ, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്നു ശതമാനം വീതവുമാണ് ഖത്തറിലെത്തിയ സന്ദര്‍ശകരുടെ തോത്.

ഖത്തറിന്റെ സജീവമായ ടൂറിസം കലണ്ടറിനൊപ്പം ലോകകപ്പ് കൂടി വന്നതോടെ രാജ്യത്തേക്കുള്ള സന്ദര്‍ശകരുടെ വരവ് വലിയ തോതില്‍ വര്‍ധിച്ചതായി ഖത്തര്‍ ടൂറിസം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബെര്‍ത്തോള്‍ഡ് ട്രെങ്കല്‍ പറഞ്ഞു. ഫുട്‌ബോള്‍ ലോകകപ്പ് കഴിയുന്നതോടെ 10 ലക്ഷത്തിലധികം ആളുകള്‍ രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ലോകകപ്പ് ടൂര്‍ണമെന്റിന് മുമ്പ് തന്നെ സൗദി അറേബ്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു. ലോകകപ്പ് വേളയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ നിന്ന് എത്തിയവരില്‍ സൗദി അറേബ്യയില്‍ നിന്നുള്ളവര്‍ കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ ഒമാനില്‍ നിന്നാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് തൊട്ടുപിറകില്‍. സൗദി അറേബ്യയില്‍ നിന്നുള്ളവരില്‍ 95 ശതമാനം പേരും കരമാര്‍ഗമാണ് ഖത്തറിലേക്ക് വന്നത്.

സൗദി- ഖത്തര്‍ അതിര്‍ത്തിയായ സല്‍വ ബോര്‍ഡര്‍ ലോകകപ്പ് പ്രമാണിച്ച് വിപുലീകരിച്ചിരുന്നു. ഇവിടെ നിന്ന് മെട്രോ സ്‌റ്റേഷനുകളിലേക്കും സ്‌റ്റേഡിയങ്ങളിലേക്കും പ്രത്യേക ബസ്സുകളും ടാക്‌സികളും അധികൃതര്‍ ഏര്‍പ്പാട് ചെയ്യുകയും ചെയ്തിരുന്നു. അതേപോലെ ഒമാനില്‍ നിന്നുള്ള സന്ദര്‍ശകരില്‍ 57 ശതമാനം റോഡ് മാര്‍ഗമാണ് രാജ്യത്തെത്തിയതെന്നും ട്രെങ്കല്‍ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ക്വാറന്റൈന്‍ തുടങ്ങിയവ എടുത്തു മാറ്റിയതോടെ 2023ല്‍ രാജ്യത്തേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തര്‍ ടൂറിസം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പറഞ്ഞു. പ്രത്യേകിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് സന്ദര്‍ശകരുടെ വലിയ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്.

ലോകകപ്പ് കഴിയുന്നതോടെ വിമാന ടിക്കറ്റുകളുടെ നിരക്ക് വലിയ തോതില്‍ കുറയുന്നതോടെ വിദേശികളുടെ ഒഴുക്ക് വര്‍ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ട അതിര്‍ത്തികള്‍ ചൈന തുറന്ന് ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതോടെ ഇവിടെ നിന്നുള്ളവ സന്ദര്‍ശകരും കൂടും. ബ്രിട്ടന്‍, ഇന്ത്യ, ചൈന, റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, യുഎസ്എ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ സന്ദര്‍ശകരെ ഖത്തര്‍ പ്രതീക്ഷിക്കുന്നുണ്ട്.

2030-ഓടെ ആറ് ദശലക്ഷത്തിലധികം വിദേശ സന്ദര്‍ശകരെ സ്വാഗതം ചെയ്യാനാണ് ഖത്തര്‍ ടൂറിസം ലക്ഷ്യമിടുന്നത്. ഇതിനായി രാജ്യത്തെ ടൂറിസവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വികസിപ്പിക്കും. എല്ലാ വരുമാനക്കാര്‍ക്കും അനുയോജ്യമായ രീതിയില്‍ പുതിയ റിസോര്‍ട്ടുകളും ഹോട്ടലുകളും ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകളും ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പദ്ധതികളാണ് ഖത്തര്‍ ടൂറിസം ആസൂത്രണം ചെയ്യുന്നത്. ലോകകപ്പിന് മുന്നോടിയായി ആരംഭിച്ച ടൂറിസം കേന്ദ്രങ്ങളായ ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ്, ഖതൈഫാന്‍ ഐലന്‍ഡ് വാട്ടര്‍ പാര്‍ക്കുകള്‍, ഫുവൈരിത്ത് കൈറ്റ് ബീച്ച് റിസോര്‍ട്ട്, ദോഹ സാന്‍ഡ്സ് ഉള്‍പ്പെടുന്ന വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് തുടങ്ങിയവ ലോകകപ്പ് കഴിഞ്ഞാലും രാജ്യത്തെ ടൂറിസ്റ്റ് ആകര്‍ഷണങ്ങളായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker