FeaturedHome-bannerKeralaNews

കേരളത്തിന് മുന്നിൽ ഒടുവിൽ മുട്ടുമടക്കി കേന്ദ്രം; വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു; പ്രത്യേക ധനസഹായമില്ല

ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അറിയിച്ചു. മന്ത്രിസഭാ സമിതി ദുരന്തം അതി തീവ്രമായി അംഗീകരിക്കുകയായിരുന്നു.

കേരളത്തിന്റെ നിരന്തരമായുള്ള ആവശ്യത്തിനാണ് കേന്ദ്രം ഒടുവില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി (ലെവല്‍ മൂന്ന് കാറ്റഗറി) കേന്ദ്രം പ്രഖ്യാപിക്കുമ്പോഴും കേരളത്തിന് പ്രത്യേക ധനസഹായത്തില്‍ പ്രഖ്യാപനം ഇപ്പോഴും ഇല്ലെന്നാണ് വിവരം. ദുരന്ത നിവാരണ നിധിയിലേക്ക് ഇതിനകം പണം കൈമാറിയിട്ടുണ്ടെന്നും കത്തില്‍ കേന്ദ്രം പറയുന്നു. അതിതീവ്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ അറിയിപ്പ് സംബന്ധിച്ച കത്ത് കേരളത്തിന് ലഭിച്ചു. എങ്കിലും, പ്രത്യേക ധനസഹായ പാക്കേജിനെക്കുറിച്ച് കത്തില്‍ വിവരമില്ല.

സംസ്ഥാന സര്‍ക്കാറിനുതന്നെ പുനരുദ്ധാരണം സാധ്യമല്ലാത്ത ദുരന്തത്തെയാണ് ലെവല്‍ മൂന്ന് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. ദുരന്തത്തില്‍ നഷ്ടമായ മനുഷ്യ ജീവനുകള്‍, കന്നുകാലികള്‍, വിളകള്‍, സ്വത്ത്, തകര്‍ന്ന പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നാശനഷ്ടം കണക്കാക്കുമ്പോള്‍ അതിതീവ്രഗണത്തില്‍ ഉള്‍പ്പെടുത്താമെന്ന് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നേരത്തെ വിശദീകരിച്ചിരുന്നത്.

ജൂലൈ 30നായിരുന്നു മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അന്ന് മുതല്‍ തന്നെ ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു കേരളം ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന രീതി ഇപ്പോള്‍ ഇല്ല എന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്നായി പിന്നീട് കേരളത്തിന്റെ ആവശ്യം.

മന്ത്രിസഭാ സമിതി ഈ വിലയിരുത്തല്‍ തന്നെയാണ് നടത്തിയതെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന റവന്യൂ സെക്രട്ടറിക്കാണ് കത്തയച്ചത്. പാര്‍ലമെന്റില്‍ എംപിമാര്‍ക്ക് നല്‍കിയ മറുപടിയിലും കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി പ്രത്യേക ധനസഹായം അനുവദിക്കണമെന്നും സംസ്ഥാനം നിരന്തരം ആവശ്യപ്പെട്ട് വരികയാണ്. എന്നാല്‍ കത്തില്‍ പ്രത്യേക ധനസഹായത്തില്‍ ഇപ്പോഴും പ്രഖ്യാപനമില്ല. ദുരന്തത്തെ നേരിടാന്‍ ഇതിനോടകം തന്നെ എസ്ഡിആര്‍എഫിലേക്ക് മതിയായ പണം കൈമാറിയിട്ടുണ്ട്. പണം ചെലവഴിക്കേണ്ടത് സംസ്ഥാന ദുരന്തനിവാരണനിധിയില്‍ നിന്നാണെന്നും കത്തില്‍ പറയുന്നു. ഇനി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തില്‍ കത്തില്‍ ഒരു വ്യക്തതയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker