
കൊച്ചി:ഇൻവിക്റ്റോ എന്ന മൾട്ടി പർപ്പസ് വാഹനത്തിന് ശേഷം വീണ്ടും റീബാഡ്‌ജ് തന്ത്രവുമായി മാരുതിയും ടൊയോട്ടയും ഇന്ത്യയിൽ എത്തിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ എർട്ടിഗയെയാണ് ഇത്തവണ ടൊയോട്ടയുടെ ബാഡ്‌ജ് അണിയിച്ച് അവതരിപ്പിച്ചിരിക്കുന്നത്. ഏറെ കൗതുകത്തോടെ കാത്തിരുന്ന ഈ വേഷപ്പകർച്ച എന്തായാലും ആളുകളെ കൈയിലെടുക്കാൻ പ്രാപ്‌തമാണെന്ന് ഉറപ്പിക്കാം.
കാരണം എർട്ടിഗയുടെ റീബാഡ്‌ജ് മോഡലാണെങ്കിലും പ്രീമിയം ഫീൽ നൽകാനായി ‘ബേബി ക്രിസ്റ്റ’ ലുക്കിലാണ് ടൊയോട്ട റൂമിയോണിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ എർട്ടിഗയേക്കാൾ ആഡംബരത്തവും ആകർഷണവും നൽകാൻ റൂമിയോണിന് സാധിച്ചിട്ടുണ്ട്. തങ്ങളുടെ എക്കാലത്തേയും ഹിറ്റ് മോഡലായ ഇന്നോവയുടെ പുതുതലമുറ മോഡലിനെ മാരുതിയുടെ അഡ്രസിലേക്ക് മാറ്റിയതിനു പിന്നാലെയാണ് മൾട്ടി പർപ്പസ് വാഹന നിരയിലെ മാരുതിയുടെ ഐഡന്റിറ്റിയായ എർട്ടിഗയെ ടൊയോട്ടയും കൂടെക്കൂട്ടിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കൻ വിപണിയിൽ കഴിഞ്ഞ വർഷം ടൊയോട്ട എർട്ടിഗയുടെ ബ്രാൻഡ് എൻജിനിയറിംഗ് പതിപ്പായി റൂമിയോൺ പുറത്തിറക്കിയിരുന്നുവെങ്കിലും ഇന്ത്യയിലെത്തുമ്പോൾ ആള് അൽപം കൂടി സ്റ്റൈലിഷായിട്ടുണ്ട്. ഡിസൈനിലേക്ക് വരുന്നതിനു മുമ്പ് പുതിയ റൂമിയോൺ എംപിവിയുടെ വില വിവരങ്ങൾ അറിയാനായിരിക്കും ഏവർക്കും താത്പര്യം. എന്നാൽ ഇപ്പോൾ കോംപാക്‌ട് എംപിവിയുടെ അവതരണം മാത്രമാണ് നടന്നിരിക്കുന്നത് എന്നതിനാൽ വിലയെ കുറിച്ച് ഒരു കാര്യവും കമ്പനി പുറത്തുവിട്ടിട്ടില്ല.
എന്തായാലും മാരുതി എർട്ടിഗയേക്കാൾ അൽപം വില കൂടുതലാവുമെന്ന് പ്രതീക്ഷിക്കാം. പുതിയ ടൊയോട്ട റൂമിയോണിന്റെ വിലയും ബുക്കിംഗ് തുകയും ബ്രാൻഡ് ഉടൻ പ്രഖ്യാപിക്കും. രണ്ട് ബ്രാൻഡുകൾക്കിടയിൽ പങ്കിടുന്ന നാലാമത്തെ ബാഡ്ജ്-എഞ്ചിനീയറിംഗ് വാഹനമാണിതെന്നതും ശ്രദ്ധേയമായ കാര്യമാണ്. നിലവിൽ ഇന്നോവ പ്രീമിയം എംപിവിയും വെൽഫയർ ലക്ഷ്വറി എംപിവിയും ഉൾപ്പെടുന്ന ബ്രാൻഡിന്റെ എംപിവി നിര ശക്തിപ്പെടുത്താനും റൂമിയോണിന്റെ വരവ് സഹായകരമാവും.

ഇനി ഡിസൈനിലേക്ക് വന്നാൽ എർട്ടിഗയുമായി താരതമ്യപ്പെടുത്തുമ്പോൾ റൂമിയോൺ അതിന്റെ രൂപത്തിൽ വളരെ കുറച്ച് സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങൾ മാത്രമേ കൊണ്ടുവന്നിട്ടുള്ളൂവെങ്കിലും സംഗതി അടിപൊളിയാണ്. ഇന്നോവ ക്രിസ്റ്റയെ ഓർമപ്പെടുത്തുന്ന ഫ്രണ്ട് ഗ്രില്ലാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇതോടൊപ്പം പുതിയ ഫോഗ് ലാമ്പ് സറൗണ്ടുകൾ, പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകൾ, മിനുക്കിയ ബമ്പർ എന്നിവയെല്ലാം ടൊയോട്ട ഫീൽ നൽകാൻ ഏറെ സഹായകരമായിട്ടുണ്ട്.
ഇനി ഇന്റീരിയറിലേക്ക് കയറിയാൽ വുഡ് പോലെയുള്ള ഇൻസേർട്ടുകളുള്ള ഒരു ബ്ലാക്ക്ഡ്-ഔട്ട് ഡാഷ്ബോർഡാണ് ടൊയോട്ട റൂമിയോണിന് സമ്മാനിച്ചിരിക്കുന്നത്. അതോടൊപ്പം എർട്ടിഗയ്ക്ക് സമാനമായ ബീജ് നിറത്തിലുള്ള അപ്ഹോൾസ്റ്ററിയും കൂടെ ചേരുന്നതോടെ സംഭവം കളറാവുന്നുണ്ട്. മറ്റ് ഫീച്ചറുകളിലേക്ക് കടന്നാൽ മാരുതി സുസുക്കി എർട്ടിഗയ്ക്ക് സമാനമായ കാര്യങ്ങൾ തന്നെയാണ് ജാപ്പനീസ് ബ്രാൻഡ് തങ്ങളുടെ റൂമിയോൺ എംപിയിലും ഒരുക്കിയിരിക്കുന്നത്.

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോൾ സഹിതമുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് ഇതിൽ ഹൈലൈറ്റായി എടുത്തു പറയാനാവുന്നത്. എഞ്ചിൻ ഓപ്ഷനുകളിലേക്ക് വന്നാൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായാണ് ടൊയോട്ട റൂമിയോൺ എംപിവി നിരത്തിലേക്ക് ഇറങ്ങുന്നത്. ഇത് പരമാവധി 103 bhp പവറിൽ 137 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പെട്രോൾ പതിപ്പിന് 20.51 കിലോമീറ്റർ മൈലേജ് വരെയുണ്ടെന്ന് ടൊയോട്ട അവകാശപ്പെടുന്നു. പെട്രോളിന് പുറമെ 26.11 കിലോമീറ്റർ ഇന്ധനക്ഷമതയുള്ള സിഎൻജി വേരിയന്റും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ടൊയോട്ടയുടെ ബാഡ്‌ജിംഗും അതോടൊപ്പം ഈ കിടിലൻ മൈലേജ് കണക്കുകളും കൂടി ചേരുന്നതോടെ ആളുകൾ ഇരച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൊയോട്ട റൂമിയോൺ നിർമിക്കുന്നതും കമ്പനിക്ക് വിതരണം ചെയ്യുന്നതും മാരുതി സുസുക്കിയാവും. ഫസ്റ്റ് ഇൻ, ഫസ്റ്റ് ഔട്ട്’ തന്ത്രം സ്വീകരിച്ചുകൊണ്ടാവും ജാപ്പനീസ് ബ്രാൻഡ് ഡെലിവറി പൂർത്തികരിക്കുക. എന്തായാലും വിപണിയിൽ ഒരു കലക്ക് കലക്കാനുള്ള എല്ലാ ചേരുവകളും റൂമിയോണിലുണ്ടാവും. ഹൈലൈറ്റാവുക ഇന്നോവ ക്രിസ്റ്റയുടെ ലുക്കാവുമെന്നതിലും സംശയമൊന്നും വേണ്ട.