താഴത്തങ്ങാടി കൊലപാതകം: ഒരാള്‍ കസ്റ്റഡിയില്‍
കോട്ടയം: താഴത്താങ്ങാടിയില്‍ വീട്ടമ്മയെ വീട്ടിനുള്ളില്‍വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍.കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചെങ്ങളം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. മരിച്ച കുടുംബവുമായി അടുത്ത് ഇടപഴകിയിരുന്ന എട്ടുപേരെ രാവിലെ മുതല്‍ പോലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. ഇവരില്‍ ഏഴുപേരെയും വൈകുന്നേരത്തോടെ പോലീസ് വിട്ടയച്ചിരുന്നു. ഇതോടെയാണ് സംശയമുന ഇയാള്‍ക്കു നേരെ തിരിഞ്ഞിരിയ്ക്കുന്നത്.
കൊലപാതകത്തിനുശേഷം വീട്ടില്‍ നിന്നും കാറും വീട്ടമ്മ ഷീബയുടെ സ്വര്‍ണാഭരണങ്ങളും മോഷണ പോയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തില്‍ കസ്റ്റഡിയിലായ ആള്‍ക്ക് സി.സി.ടി.വിയിലെ ആളുടെ മുഖവുമായി സാമ്യമുണ്ടെന്നാണ് സൂചന.
നാഗമ്പടത്ത് കടമുറി വാടകയ്ക്കു നല്‍കിയിരുന്ന സാലിയ്ക്കും കുടുംബവും ഏതാനും വാടക വീടുകള്‍ കൂടിയുണ്ടായിരുന്നു.ഒപ്പം റിയല്‍ എസ്റ്റേറ്റ് രംഗത്തും ഇടപെടലുണ്ടായിരുന്നു. ഇത്തരത്തില്‍ കസ്റ്റഡിയിലായ ആളുമായി ചില സ്ഥലം ഇടപാടുകള്‍ നടന്നിരുന്നതായും വിവരങ്ങളുണ്ട്.മരിച്ച ഷീബയുമായി ഇയാള്‍ ചില ബാങ്ക് ഇടപാടുകള്‍ നടത്തിയതിന്റെ രേഖകളും ലഭിച്ചിട്ടുള്ളതായി സുചനയുണ്ട്. എന്നാല്‍ കൊലപാതകവുമായി കസ്റ്റഡിയിലുള്ളയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ദമ്പതികളുടെ സാമ്പത്തിക ഇടപാടുകള്‍, ഇവരുമായി ബന്ധപ്പെടുന്നവര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കസ്റ്റഡിയിലുള്ളയാളിലേക്ക് പോലീസ് എത്തിയത്. പാറപ്പാടം ഷാനി മന്‍സിലില്‍ മുഹമ്മദ് സാലി (65), ബാര്യ ഷീബ (60) എന്നിവരെ ആക്രമിക്കുകയും ഷീബയെ കൊലപ്പെടുത്തുകയും ചെയ്തയാള്‍ രാവിലെ തന്നെ വീട്ടിലെത്തി ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ ആദ്യഘട്ട നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ക്കും രാവിലെ പ്രഭാതഭക്ഷണം കൊടുക്കുന്നതിനുള്ള തയാറെടുപ്പുകള്‍ അടുക്കളയില്‍ നിന്നു കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടുണ്ട്. അടുക്കളയില്‍ ചപ്പാത്തി ഉണ്ടാക്കുകയും രണ്ടു പേര്‍ മാത്രമുള്ള വീട്ടില്‍ മുട്ടക്കറി ഉണ്ടാക്കുന്നതിനായി മൂന്നു മുട്ട പുഴുങ്ങുകയും ചെയ്തിരുന്നു. അതിനാല്‍ രാവിലെ ഇവരുടെ വീട്ടിലെത്തിയാള്‍ക്കു കൂടി പ്രഭാത ഭക്ഷണം കൊടുക്കാനുള്ള തയാറെടുപ്പുകള്‍ ഷീബ നടത്തിയിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.
അതിനാലാണ് ദമ്പതികളോട് അടുപ്പമുള്ളയാള്‍ രാവിലെ വീട്ടിലെത്തിയശേഷം ഇവര്‍ക്കൊപ്പം സമയം ചെലവഴിച്ചശേഷം കൃത്യം നടത്തി മടങ്ങിയതാവാമെന്നും പോലീസ് കണക്കുകൂട്ടുന്നത്. ഇക്കാര്യങ്ങളൊക്ക മുന്‍നിര്‍ത്തിയാണ് ഒരാള്‍ മാത്രമാണ് ദമ്പതികളെ ആക്രമിച്ചതെന്ന വിലയിരുത്തലില്‍ പോലീസ് എത്തിയത്.
കഴിഞ്ഞ ദിവസമാണ് തലയ്ക്കടിയേറ്റ് വീടിനുള്ളില്‍ ഷീബയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സാലി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല.തലയ്ക്കടിച്ചതിനൊപ്പം മരണം ഉറപ്പുവരുത്തുന്നതിനായി ശരീരത്തില്‍ ഇരുമ്പുകമ്പികള്‍ ചുറ്റി ഷോക്ക് അടിപ്പിയ്ക്കുകയും ഗ്യാസ് സിലിണ്ടര്‍ തുറന്നുവിടുകയും ചെയ്തിരുന്നു.