എന്റെ കരിയറിലെ ഏറ്റവും മോശം പെർഫോമൻസായിരുന്നു ‘സുറ’യിലേത്! കാണാനൊരിക്കലും ഇഷ്ടപ്പെടാത്ത ചിത്രവുമതാണ്; തമന്ന പറയുന്നു
ചെന്നൈ:രജിനികാന്തിന്റെ ‘ജയിലറി’ലെ ‘കാവാലാ’ എന്ന ഗാനം പുറത്തിറങ്ങിയത് മുതൽ നടി തമന്ന സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്. തമന്നയെപ്പോലെ തന്നെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമ പ്രേക്ഷകരും.
അടുത്തിടെ ഒരഭിമുഖത്തിൽ, ദളപതി വിജയ്‌ക്കൊപ്പം താൻ അഭിനയിച്ച സുറ എന്ന ചിത്രത്തിലെ തന്റെ അഭിനയം ഇഷ്ടമായില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് തമന്നയിപ്പോൾ. വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിലൊന്നായിരുന്നു സുറ. ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തമന്നയുടെ വെളിപ്പെടുത്തൽ.
കുറച്ചു കൂടി നന്നായി ചെയ്യാമായിരുന്നു, അല്ലെങ്കിൽ ആ സിനിമ ഇനി കാണുകയേ ഇല്ലെന്ന് ചിന്തിച്ച ഏതെങ്കിലും സിനിമ ഉണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. കുറേ സിനിമകളിൽ അങ്ങനെ തോന്നിയിട്ടുണ്ട്. ഒരു സിനിമയുണ്ട്. ശരിക്കും ആ സിനിമ എനിക്ക് ഇഷ്ടവുമാണ്. പക്ഷേ ആ സിനിമയിലെ ചില രംഗങ്ങളിൽ ഞാൻ വളരെ മോശമായിരുന്നു. അതിലെ ഗാനങ്ങളൊക്കെ വലിയ ഹിറ്റായിരുന്നു. സുറയാണ് ആ സിനിമ. ആ സിനിമയിലെ പല സീനുകളിലും എന്റെ അഭിനയം വളരെ മോശമായിരുന്നു. നന്നായി ചെയ്യാമായിരുന്നുവെന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. ഷൂട്ട് ചെയ്യുമ്പോൾ തന്നെ അത് മോശമായിരുന്നു എന്ന് തോന്നിയിരുന്നു.
ഇതുപോലെ മറ്റ് പല ചിത്രങ്ങൾക്കിടയിലും ഇത് വർക്കാകില്ലെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അത് പൂർത്തിയാക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ സിനിമകളും ജയം, പരാജയം എന്നീ ഘടകങ്ങളെ ആശ്രയിച്ചല്ല നടക്കുന്നത്. കരാർ ഒപ്പിട്ടാൽ എന്ത് സംഭവിച്ചാലും അത് പൂർത്തിയാക്കണം. അതാണ് ഒരു അഭിനേതാവിന്റെ കടമ. സിനിമയെന്നത് വലിയ മുതൽമുടക്കുള്ള കലയാണ്. അതിൽ എല്ലാം വിജയിക്കുമെന്നോ പരാജയപ്പെടുന്നതോ അല്ല.
ഒരുപാട് പൈസ് മുടക്കുന്നതാണ്. നമ്മുക്കും ഉത്തരവാദിത്തമുണ്ട്. ഈ സിനിമ ശ്രദ്ധിക്കപ്പെടില്ലെന്നറിഞ്ഞു തന്നെ അഭിനയിക്കേണ്ടി വരും. അത് നമ്മുടെ ജോലിയുടെ ഭാഗമാണ്- തമന്ന പറഞ്ഞു. സുറയിലെ നാൻ നടന്താൽ അതിരടി, തഞ്ചാവൂർ ജില്ലക്കാരി എന്ന് തുടങ്ങുന്ന ഗാനമൊക്കെ ഇപ്പോഴും സൂപ്പർ ഹിറ്റാണ്. നായികാനായകൻമാരായ വിജയ്‌ക്കോ തമന്നയ്ക്കോ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ചിത്രം കൂടിയായിരുന്നു സുറ.
എസ്പി രാജ്കുമാർ സംവിധാനം ചെയ്ത ചിത്രം പുറത്തുവന്നത് 2010ലായിരുന്നു. വിജയ്‌യുടെ അമ്പതാമത്തെ ചിത്രമായിരുന്നു ഇത്. രജിനികാന്തിനൊപ്പം അഭിനയിക്കാനായതിന്റെ ത്രില്ലിലാണിപ്പോൾ തമന്ന. വൻ താരനിരയാണ് ജയിലറിൽ അണിനിരക്കുന്നത്. മോഹൻലാലും ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.