കീര്‍ത്തിയെ ആശിര്‍വദിയ്ക്കാനെത്തിയ തളപതി; വിജയ്ക്കൊപ്പമുള്ള ചിത്രവുമായി കീർത്തി
ഗോവ:തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷിന്റേയും ആന്റണി തട്ടിലിന്റേയും വിവാഹത്തിൽ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. തമിഴ് സൂപ്പർതാരം വിജയ്‌യും ഗോവയിൽ നടന്ന വിവാഹത്തിന് എത്തിയിരുന്നു. ഇപ്പോൾ വിജയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് കീർത്തി സുരേഷ്.
വെള്ള മുണ്ടും ഷർട്ടും ധരിച്ച് നവദമ്പതികൾക്കൊപ്പം നിൽക്കുന്ന വിജയ്‌യെ ആണ് ചിത്രത്തിൽ കാണുന്നത്. ഞങ്ങളുടെ ഡ്രീം ഐക്കൺ ഞങ്ങളുടെ സ്വപ്ന വിവാഹത്തിൽ പങ്കെടുത്ത് അനുഗ്രഹിച്ചപ്പോൾ, സ്നേഹത്തോടെ അങ്ങയുടെ നൻപിയും നൻപനും.- എന്ന കുറിപ്പിലാണ് കീർത്തി ചിത്രം പോസ്റ്റ് ചെയ്തത്.
ഗോവയിൽ വച്ചായിരുന്നു കീർത്തിയുടെ വിവാഹം. തൃഷ, നാനി, മാളവിക മോഹനൻ, കല്യാണി പ്രിയദർശൻ തുടങ്ങിയ നിരവധി താരങ്ങളാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിനായി ഗോവയിലേക്ക് പ്രൈവറ്റ് ഫ്ലൈറ്റിൽ വിജയ്ക്കൊപ്പമാണ് തൃഷ എത്തിയത്. ഇത് വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു.
നവദമ്പതികളായ കീർത്തി സുരേഷിനും ആന്റണി തട്ടിലിനും ആശംസകൾ നേർന്ന് നിർമാതാവും നടൻ വിജയ്‌യുടെ പേഴ്സനൽ മാനേജറുമായ ജഗദീഷ് പളനിസാമി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാമായിരുന്നു. തനിക്കു പിറക്കാതെ പോയ സഹോദരിയാണ് കീർത്തിയെന്നും 10 വർശം മുൻപ് കീർത്തിയുടെ വിവാഹം പ്ലാൻ ചെയ്തതാണെന്നും ജഗദീഷ് പറയുന്നു.
‘സ്വപ്നങ്ങൾക്കപ്പുറമുള്ള കഥ…2015–ൽ പരസ്പരം ഏറെ വെറുത്തിരുന്നവർ ആണ് ഞങ്ങൾ. എന്നാൽ, അതിനു ശേഷം ഏറ്റവും മികച്ച സഹോദരബന്ധം സൃഷ്‌ടിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. നീ എന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറി. പത്തു വർഷങ്ങൾക്ക് മുൻപ് നിന്റെ വിവാഹം നമ്മൾ പ്ലാൻ ചെയ്തത് ഞാൻ ഓർക്കുന്നു. നിന്റെ വിവാഹത്തിൽ എന്നേക്കാൾ സന്തോഷവാനായ മറ്റൊരാൾ ഉണ്ടാകുമോ. പത്തു വർഷങ്ങളായി എഴുതപ്പെട്ട സ്വപ്നത്തിൽ ജീവിക്കുന്നത് പോലെയുണ്ടായിരുന്നു.
കീർത്തിയെ വിവാഹം ചെയ്യാൻ പോകുന്നയാൾ ഭാഗ്യവാനായിരിക്കും എന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷേ ആന്റണി, സഹോദരാ, നിന്നെ അറിയാൻ തുടങ്ങിയതിൽ പിന്നെ, നിന്റെ കൈപിടിക്കാൻ അവസരം ലഭിച്ച കീർത്തിയാണ് ഭാഗ്യവതി എന്ന് ഞാൻ മനസിലാക്കുന്നു.’–ജഗദീഷ് പളനിസാമിയുടെ വാക്കുകൾ. കൂളിംഗ് ഗ്ലാസ് വച്ചതു തന്റെ ആനന്ദാശ്രുക്കൾ മറച്ചു പിടിക്കാനാണ് എന്നും ജഗദീഷ് കുറിച്ചിട്ടുണ്ട്.
മാസ്റ്റർ, ലിയോ തുടങ്ങിയ സിനിമകളുടെ കോ-പ്രൊഡ്യൂസർ എന്ന നിലയിലാണ് ജഗദീഷ് പളനിസാമിയെ സിനിമാ ലോകത്തിനു പരിചയം. 2015–ന്റെ മധ്യത്തിൽ ജഗദീഷ് വിജയ്‌യുടെ മാനേജർ ആയി. ഇതിനു ശേഷം കീർത്തി സുരേഷ് ഉൾപ്പെടെ ഒരുപറ്റം ശ്രദ്ധേയ താരങ്ങളുടെ മാനേജർ എന്ന നിലയിൽ ഇദ്ദേഹം വളർന്നു. സമാന്ത റൂത്ത് പ്രഭു, ലോകേഷ് കനകരാജ്, രശ്‌മിക മന്ദാന, കല്യാണി പ്രിയദർശൻ, മാളവിക മോഹനൻ, പ്രിയങ്ക അരുൾ മോഹൻ, കതിർ, സംയുക്ത, അർജുൻ ദാസ്, അഞ്ജലി എന്നിവരുടെ മാനേജർ കൂടിയാണ് ഇദ്ദേഹം. സെലിബ്രിറ്റി മാനേജ്‌മന്റ് കമ്പനിയായ റൂട്ടിന്റെ സ്ഥാപകരിൽ ഒരാളാണ്. കല്യാണി പ്രിയദർശൻ നായികയായ ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രം നിർമിച്ചതും ജഗദീഷിന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ്. കീർത്തി സുരേഷ് നായികയാകുന്ന റിവോൾവർ റീത്തയാണ് ഈ ബാനറിന്റെ പുതിയ ചിത്രം.