മുംബൈ: രാജ്യത്ത് ഉള്ളിവില കുതിച്ചുയര്‍ന്നതോടെ പുതിയ ബിസിനസ് തന്ത്രവുമായി താനെയിലെ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പുടമ. തന്റെ കടയില്‍ നിന്ന് 1,000 രൂപയ്ക്ക് മുകളില്‍ വസ്ത്രങ്ങളെടുക്കുന്നവര്‍ക്ക് ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കുമെന്നാണ് ഷോപ്പുടമ ഓഫര്‍. ഉള്ളിവില വര്‍ധനവിനിടെ ഉള്ളി സൗജന്യമായി നല്‍കുന്ന കച്ചവടതന്ത്രം വിജയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഉല്‍ഹാസ്‌നഗറിലെ ‘ശീതള്‍ ഹാന്‍ഡ്‌ലൂം’ ഉടമയാണ് ഇന്നലെ ‘സാരിയ്‌ക്കൊപ്പം ഉള്ളി സൗജന്യം’ എന്ന ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഉള്ളി ഇവിടെ കിലോയ്ക്ക് 130 രൂപ എന്ന നിരക്കിലാണ് വില്‍ക്കുന്നത്. അതുകൊണ്ട് തന്നെ 1,000 രൂപയ്ക്ക് മുകളില്‍ വസ്ത്രങ്ങളെടുക്കുന്നവര്‍ക്ക് ഒരു കിലോ ഉള്ളി സൗജന്യം എന്ന ഓഫര്‍ പ്രഖ്യാപിച്ചത്’ ഷോപ്പിലെ സ്റ്റാഫ് പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ ഒരുമാസത്തിനിടയില്‍ ഉള്ളിവിലയില്‍ 81 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ഉള്ളിവില വര്‍ധനവിന് പിന്നാലെ രാജ്യത്ത് പലയിടങ്ങളില്‍ നിന്നും ഉള്ളി മോഷണം പോയ വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഉള്ളിയുടെ പേരില്‍ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെയാണ് ഇതിനെയും മാര്‍ക്കറ്റ് ചെയ്തുകൊണ്ടുള്ള വാര്‍ത്തയും പുറത്തുവരുന്നത്.