ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന കേസില്‍ അറസ്‌റ്റിലായ ഏഴു പേര്‍ക്കെതിരേ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു. ഇവര്‍ ഭീകര പ്രവര്‍ത്തനത്തിനു പണം ചെലവിട്ടതായി കുറ്റപത്രത്തിലുണ്ട്. ഐ.എസിന് അനുകൂലമാണ് അവരുടെ നിലപാടെന്നും എന്‍.ഐ.എ. വ്യക്‌തമാക്കി.
പിടിയിലായ ഏഴ് പേരും മികച്ച വിദ്യാഭ്യാസം നേടിയവരാണെന്നു കുറ്റപത്രത്തിലുണ്ട്. അറസ്‌റ്റിലായ സുള്‍ഫിക്കര്‍ ബഹുരാഷ്‌ട്ര കമ്പനിയില്‍ സീനിയര്‍ പ്ര?ജക്‌ട് മാനേജറായിരുന്നു. 31 ലക്ഷം രൂപയായിരുന്നു അയാളുടെ പ്രതിവര്‍ഷ ശമ്പളം. പ്രതിപ്പട്ടികയിലുള്ള ഷാനവാസ് മൈനിങ് എന്‍ജിനീയറായിരുന്നു. അയാള്‍ക്കു സ്‌ഫോടക വസ്‌തുക്കളെക്കുറിച്ചു വ്യക്‌തമായ ധാരണയുണ്ട്.
മറ്റൊരു പ്രതി കാദിര്‍ പത്താന്‍ ഗ്രാഫിക് ഡിസൈനറായിരുന്നു.
അവര്‍ മഹാരാഷ്‌ട്രയിലെ പുനെയില്‍ യോഗം ചേര്‍ന്ന് സംഘത്തിലേക്ക് കൂടുതല്‍ പേരെ ചേര്‍ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്‌തു. വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് അവര്‍ സംഘത്തിലേക്ക് പുതിയ ആളുകളെ ചേര്‍ക്കാന്‍ ശ്രമിച്ചത്.
വിദേശത്തുള്ള ഭീകരരുമായി അവര്‍ സമ്പര്‍ക്കത്തിലായിരുന്നു. ഇന്ത്യയിലെ ഐ.എസ്. പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന് വിശദീകരിക്കുന്ന രേഖകളും പ്രതികളില്‍നിന്നു പിടിച്ചെടുത്തു. മുസ്ലിംകളെ ദ്രോഹിക്കുന്ന ഇതരവിഭാഗത്തില്‍പ്പെട്ടവരോട് പ്രതികാരം ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നു കുറ്റപത്രത്തില്‍ എന്‍.ഐ.എ. വ്യക്‌തമാക്കി.
ഐ.എസ്. ഭീകരന്‍ അബു റയ്യാന്‍ അല്‍ ഹിന്ദിയുമായി ഭീകരര്‍ക്കു ബന്ധമുണ്ടെന്നും എന്‍.ഐ.എ. അറിയിച്ചു. മലയാളിയാണ് അബു റയ്യാന്‍. അബു റവാഹ അല്‍ ഹിന്ദി, അബു നോവ അല്‍ ഹിന്ദി എന്നീ ഐ.എസ്. ഭീകരരും ദക്ഷിണേന്ത്യയില്‍നിന്നുള്ളവരാണ്.
സ്‌ഫോടകവസ്‌തുക്കള്‍ നിര്‍മ്മിക്കാനുള്ള രാസവസ്‌തുക്കള്‍ വാങ്ങാനായി കോഡ് ഭാഷയാണ് ഭീകരര്‍ ഉപയോഗിച്ചത്. സള്‍ഫ്യൂരിക് ആസിഡിനെ “വിനാഗിരി” എന്നാണു സന്ദേശങ്ങളില്‍ കുറിച്ചിരുന്നത്. അസറ്റോണിന് പനിനീര്‍, ഹൈഡ്രജന്‍ പെറോക്‌സൈഡിന് സര്‍ബ്ബത്ത് എന്നിങ്ങനെയാണ് ഇവര്‍ ഉപയോഗിച്ച പേരുകള്‍.
കേരളം, കര്‍ണാടക, ഗോവ, തെലങ്കാന, മഹാരാഷ്‌ട്ര എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിലേക്ക് പ്രതികള്‍ യാത്രനടത്തിയിട്ടുണ്ട്. സ്‌ഫോടനങ്ങള്‍ നടത്താനുള്ള സ്‌ഥലങ്ങള്‍ കണ്ടെത്താനായിരുന്നു യാത്രകളെന്നും എന്‍.ഐ.എയുടെ കുറ്റപത്രത്തിലുണ്ട്.