
കൊച്ചി: തൃപ്പൂണിത്തുറയിൽ പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂരമർദനം. മർദനത്തിൽ വിദ്യാർഥിയുടെ മൂക്കിന്റെ അസ്ഥി തകരുകയും പല്ലുകൾക്ക് പൊട്ടലുണ്ടാവുകയും ചെയ്തു. മർദനമേറ്റ കുട്ടിയുടെ പരാതിയിൽ സ്കൂളിലെ നാല് പ്ലസ് ടു വിദ്യാർഥികളും ഒരു പത്താംക്ലാസ് വിദ്യാർഥിയും ഉൾപ്പെടെ അഞ്ചു പേർക്കെതിരേ പോലീസ് കേസെടുത്തു. പെൺസുഹൃത്തുമായി പിരിഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്.
തിങ്കളാഴ്ച രാവിലെ സ്കൂളിലെ ശുചിമുറിയിൽവെച്ചാണ് വിദ്യാർഥിക്ക് മർദനമേറ്റത്. ഇതേ സ്കൂളിൽ തന്നെ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥി പത്താംക്ലാസുകാരന്റെ മുഖത്ത് ഇടിക്കുകയായിരുന്നു.
മറ്റു നാല് വിദ്യാർഥികൾക്കൊപ്പം സംഘം ചേർന്നാണ് പ്ലസ് ടു വിദ്യാർഥി എത്തിയത്. കൂടെ ഉണ്ടായിരുന്നവരും പത്താം ക്ലാസുകാരനെ അധിക്ഷേപിക്കുകയും മർദനത്തിന് പ്രോത്സാഹനം നൽകുകയും ചെയ്തെന്ന് എഫ്.ഐ.ആറിൽ പറയുന്നു.