തിരുവനന്തപുരം: കപ്പും സോസറും താക്കോൽക്കൂട്ടവും തൊപ്പിയുമൊക്കെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളിൽനിന്ന് പുറത്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ഉണ്ടായിരുന്ന പത്ത് ചിഹ്നങ്ങളാണ് ഇത്തവണ പട്ടികയിൽനിന്ന് അപ്രത്യക്ഷമായത്.
ടെലിവിഷനും ക്യാമറയും കംപ്യൂട്ടറുമൊക്കെ അതിന്റെ ആദ്യകാല രൂപങ്ങളിൽത്തന്നെ ചിഹ്നങ്ങളുടെ പട്ടികയിലുണ്ട്. 190 ചിഹ്നങ്ങളാണ് ഇക്കുറി സ്വതന്ത്രർക്കായി അനുവദിച്ചിരിക്കുന്നത്. ദേശീയപാർട്ടികളുടെ ആറും സംസ്ഥാനപാർട്ടികളുടെ ആറും ഉൾപ്പെടെ 202 ചിഹ്നങ്ങളാണ് സ്ഥാനാർഥികൾക്കായി ഒരുക്കിയിട്ടുള്ളത്. ടോർച്ച് ഇക്കുറിയും സ്വതന്ത്രചിഹ്നപ്പട്ടികയിലുണ്ടെങ്കിലും അച്ചടിക്കുമ്പോൾ അതുമായി സാമ്യംതോന്നുന്ന ബോട്ടിൽ ഇത്തവണ ഒഴിവാക്കി. ഫുട്‌ബോൾ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഫുട്‌ബോൾ കളിക്കാരനെ സ്വതന്ത്രസ്ഥാനാർഥിക്ക് ലഭിക്കും.
കൈതച്ചക്കയും കാഹളംമുഴക്കുന്ന മനുഷ്യനും ഇത്തവണ ഇടംപിടിച്ചില്ല. ട്രാക്ടർ ഓടിക്കുന്ന കർഷകനും സ്വതന്ത്രർക്ക് ലഭിക്കില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ അനുവദിച്ചിരുന്ന ഹെലികോപ്റ്റർ, മുറം തുടങ്ങിയവയും പട്ടികയ്ക്കുപുറത്തായി. പഴയകാല ബേബിവാക്കർ പട്ടികയിൽ പിടിച്ചുനിന്നു. ബൊക്കെ ഒരു ചിഹ്നമല്ലാത്തതിനാൽ ക്വാളിഫ്ളവറിന്റെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകില്ല. കട്ടിൽ ചിഹ്നമാണെങ്കിലും കേരളത്തിൽ ഉപയോഗിക്കുന്ന തരത്തിലുള്ളതല്ല കമ്മിഷൻ പട്ടികയിലുള്ള ചിത്രം. അതുകൊണ്ടാകണം കേരളത്തിന് ഈ ചിഹ്നം അനുവദിച്ചിട്ടുമില്ല.
ആപ്പിൾ, കമ്മൽ, അറക്കവാൾ എന്നിവ ചിഹ്നങ്ങളുടെ പട്ടികയിലുണ്ടെങ്കിലും കേരളത്തിലെ സ്വതന്ത്രർക്ക് ലഭിക്കില്ല. കംപ്യൂട്ടർ, ലാപ്‌ടോപ്പ്, മൊബൈൽ ചാർജർ, പെൻഡ്രൈവ്, സി.സി.ടി.വി. ക്യാമറ എന്നിവയും അവയുടെ ആദ്യകാല രൂപത്തിൽത്തന്നെയുണ്ട്.
ക്രിക്കറ്റ് ബാറ്റും ബാറ്ററും ഹോക്കി സ്റ്റിക്കുമൊക്കെ കായികവിഭാഗത്തിൽനിന്നുണ്ട്. ബ്രെഡും കേക്കും ഭക്ഷണംനിറച്ച പ്ലേറ്റും പച്ചമുളകും ചക്കയുമൊക്കെ ചിഹ്നമാണ്. പല ചിഹ്നങ്ങളും കമ്മിഷൻ അനുവദിച്ചതരത്തിൽ വരച്ചൊപ്പിക്കുകയെന്നത് ചുവരെഴുത്തുകാർക്ക് വെല്ലുവിളിയാകും. നഗരവാസികളും പഴയകാല മൈക്കും പാന്റുമൊക്കെ ചിഹ്നങ്ങളുടെ കൂട്ടത്തിൽ ഇപ്പോഴും തുടരുന്നുമുണ്ട്.