ദേവിയായി ആരാധിക്കുന്നു; ഹണിക്കും ഖുശ്ബുവിനും പിന്നാലെ സാമന്തയുടെ പേരിലും ക്ഷേത്രം

ഹൈദരാബാദ്: താരങ്ങളോട് ഭ്രാന്തമായ ആരാധന മനസിൽ സൂക്ഷിക്കുന്ന സിനിമാപ്രേമികൾ ഇപ്പോഴുമുണ്ട്. ചിലർ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കാണാനുള്ള അതിയായ ആഗ്രഹം കാരണം കാൽനടയായി യാത്ര ചെയ്ത് അവരുടെ വസതികൾക്ക് മുന്നിൽ കാത്ത് നിന്ന് ആഗ്രഹം സാധിച്ചെടുക്കാറുണ്ട്. ആരാധകരിൽ ഒരു വിഭാഗം താരങ്ങളെ മനസിൽ ദൈവങ്ങളായി കണ്ട് ആരാധിക്കുന്നവരാണ്.
സൂപ്പർ താരങ്ങളുടെ ആരാധകരായിട്ടുള്ളവർ പ്രിയ താരങ്ങളുടെ സിനിമകൾ റിലീസിനെത്തുമ്പോൾ കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിക്കുന്നതും പാൽ അഭിഷേകം പോലുള്ള നടത്തുന്നതും മിക്കപ്പോഴും വാർത്തയാകാറുണ്ട്. മറ്റ് ചിലർ തങ്ങളുടെ പ്രിയ താരത്തിന്റെ പേരിൽ സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്താണ് ആരാധന കാണിക്കാറുള്ളത്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നായികമാരിൽ ഒരാളാണ് നടി സാമന്ത റൂത്ത് പ്രഭു.
സഹനടിയിൽ നിന്നും നായിക പദവിയിലേക്ക് ഉയർന്ന് വന്ന് തെന്നിന്ത്യയിലും ബോളിവുഡിലും തിരക്കുള്ള നടിയായി മാറുകയായിരുന്നു സാമന്ത. ഇപ്പോഴിതാ നടിയുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. താരത്തിന്റെ കടുത്ത ആരാധകരിൽ ഒരാളായ യുവാവ് നടിയുടെ പേരിൽ ക്ഷേത്രം പണിതുയർത്തി പൂജകൾ നടത്തുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
നടിയെ ദേവിയെപ്പോലെ കണ്ടാണ് ആരാധകനും കുടുംബവും പൂജകളും ആഘോഷങ്ങളും നടത്തുന്നത്. ആന്ധ്രാപ്രദേശിലെ തെനാലിയിൽ നിന്നുള്ള ഒരു യുവാവാണ് 2023ൽ തന്റെ ജന്മനാട്ടിലെ വീടിനടുത്ത് സാമന്തയുടെ വിഗ്രഹം വെച്ചുള്ള ഒരു ക്ഷേത്രം പണിതത്. സാമന്തയ്ക്ക് മുമ്പ് തെന്നിന്ത്യയിലെ നടിമാരായ ഖുശ്ബു, ഹൻസിക, നമിത എന്നിവരുടെ പേരിലും ആരാധകർ ക്ഷേത്രങ്ങൾ വിവിധ ഇടങ്ങളിലായി പണിതുയർത്തിയിട്ടുണ്ട്.
സാമന്തയുടെ പേരിൽ ലക്ഷങ്ങൾ മുടക്കി ആരാധകൻ ക്ഷേത്രം പണിതുവെന്ന വാർത്തകൾ പുറത്ത് വന്നപ്പോൾ ഒരു വിഭാഗം ആരാധകനെ അഭിനന്ദിച്ചു. അതേസമയം മറ്റൊരു വിഭാഗം ഇപ്പോഴും ഇത്തരം ഭ്രാന്തമായ താരാരാധനയുള്ളവർ ഇന്ത്യയിൽ ജീവിച്ചിരിപ്പുണ്ടോയെന്നാണ് അതിശയത്തോടെയും പരിഹസിച്ചും കമന്റിലൂടെ ചോദിച്ചത്.
മുപ്പത്തിയേഴുകാരിയായ സാമന്തയുടേതായി 2023ന് ശേഷം ഒരു സിനിമ പോലും പുറത്തിറങ്ങിയിട്ടില്ല. അവസാനം റിലീസ് ചെയ്ത സാമന്തയുടെ സിനിമ ഖുശിയാണ്. കഴിഞ്ഞ വർഷം സിറ്റാഡൽ ഹണി ബണ്ണി എന്ന പേരിൽ ഒരു വെബ് സീരിസും നടിയുടേതായി റിലീസ് ചെയ്തിരുന്നു. നാഗചൈതന്യയുമായി വേർപിരിയും മുമ്പ് ചായിസാം കപ്പിളായിരുന്നു തെന്നിന്ത്യയിലെ പവർ കപ്പിൾ. വിവാഹബന്ധം വേർപ്പെടുത്തിയശേഷം കരിയറിനാണ് സാമന്ത ഏറെയും ശ്രദ്ധ കൊടുക്കുന്നത്.

അന്യഭാഷ നടിമാരുടെ പേരിൽ മാത്രമല്ല മലയാളത്തിൽ പ്രശസ്തയായ ടെലിവിഷൻ അവതാരക ലക്ഷ്മി നായരുടെ പേരിലും നടി ഹണി റോസിന്റെ പേരിലും അന്യഭാഷ ആരാധകർ ക്ഷേത്രങ്ങൾ പണിതുയർത്തിയിട്ടുണ്ട്. സ്വകാര്യ ചാനലിലെ ഗെയിം ഷോയിലാണ് ലക്ഷ്മി നായർ തന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ഒരാള്‍ അമ്പലം പണിതിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്.
മുനിയാണ്ടി എന്നാണ് എന്റെ പേരിൽ അമ്പലം പണിത പുള്ളിയുടെ പേര്. എന്റെ പിറന്നാള്‍ ദിനത്തില്‍ അവിടെ വലിയ ആഘോഷമാണ്. പൂജയും പായസ വിതരണമൊക്കെ അവിടെ നടക്കാറുണ്ടെന്നാണ് ലക്ഷ്മി നായര്‍ വെളിപ്പെടുത്തിയത്. ഇതുവരെ ക്ഷേത്രം കാണാനായിട്ടില്ലെന്നും ഒരു തവണ അവിടെ പോയിക്കാണണമെന്നുണ്ടെന്നും ലക്ഷ്മി നായർ പറഞ്ഞിരുന്നു.
ആദ്യ സിനിമയായ ബോയ്ഫ്രണ്ട് മുതല്‍ സ്ഥിരമായി വിളിച്ച് അഭിനന്ദിക്കുന്ന ഒരു ആരാധകനാണ് ഹണി റോസിന്റെ പേരിൽ അമ്പലം പണിതത്. എന്റെ എല്ലാ സിനിമയും കണ്ട് അദ്ദേഹം അഭിപ്രായം പറയാറുണ്ട്. പത്ത് പതിനഞ്ച് വര്‍ഷമായി അദ്ദേഹം സ്ഥിരമായി കൂടെ നില്‍ക്കുന്നത് അത്ഭുതമാണെന്നുമാണ് തന്റെ പേരിൽ ക്ഷേത്രം പണിത ആരാധകനെ കുറിച്ച് സംസാരിക്കവെ ഹണി റോസ് പറഞ്ഞത്