മാർക്കോ കണ്ടിരിക്കാനായില്ല, ഗർഭിണിയായ ഭാര്യയ്ക്ക് അസ്വസ്ഥതയുണ്ടായി, തീരുംമുമ്പേ ഇറങ്ങി- തെലുങ്ക് നടൻ

ഹെദരാബാദ്: മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനംചെയ്ത മാർക്കോ എന്ന ചിത്രം കാണാൻപോയ അനുഭവം പങ്കുവെച്ച് തെലുങ്ക് യുവനടൻ കിരൺ അബ്ബാവരം. ഗർഭിണിയായ ഭാര്യക്ക് ചിത്രം കണ്ടുകൊണ്ടിരിക്കേ അസ്വസ്ഥതയനുഭവപ്പെട്ടെന്നും തുടർന്ന് സിനിമ തീരുംമുന്നേ ഇറങ്ങിപ്പോവുകയായിരുന്നെന്നും കിരൺ പറഞ്ഞു. ഗലാട്ട തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
അമിതമായ ക്രൂരതയായതിനാൽ തന്റെ ഭാര്യക്ക് മാർക്കോ കണ്ടുകൊണ്ടിരിക്കാൻ സാധിച്ചില്ലെന്ന് കിരൺ അബ്ബാവരം പറഞ്ഞു. “ഞാൻ മാർക്കോ കണ്ടു. പക്ഷേ മുഴുവനാക്കാനായില്ല. തീരെ പറ്റാതായപ്പോൾ സിനിമ തീരുംമുൻപേ ഇറങ്ങിപ്പോരുകയായിരുന്നു. അക്രമം കുറച്ച് കൂടുതലായാണ് തോന്നിയത്. ഗർഭിണിയായ ഭാര്യക്കൊപ്പമാണ് സിനിമയ്ക്ക് പോയത്. സിനിമ ഉൾക്കൊള്ളാൻ സാധിക്കാത്തതിനാൽ തിയേറ്ററിൽനിന്നിറങ്ങിപ്പോന്നു. അവൾക്കും സിനിമ സുഖകരമായി തോന്നിയില്ല.” കിരൺ പറഞ്ഞു.
സിനിമകൾ പ്രേക്ഷകരിൽ സ്വാധീനം ചെലുത്താറുണ്ടെന്ന് കിരൺ അഭിപ്രായപ്പെട്ടു. നമ്മൾ കാണുന്നതെന്തും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും നമുക്കുള്ളിൽ നിലനിൽക്കുമെന്നും മാർക്കോ, പുഷ്പ 2 എന്നീ ചിത്രങ്ങൾ മുൻനിർത്തി താരം പറഞ്ഞു. എല്ലാവരുടെയും ചിന്താഗതി ഒരുപോലെയാകില്ല, സിനിമയെ സിനിമയായി കാണുന്നവരുണ്ട്. അതിൽ നിന്ന് എന്തെങ്കിലും മനസ്സിലാക്കുന്നവരുമുണ്ട്. കൗമാരത്തിന്റെ അവസാനത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ, താനും സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്നും കിരൺ കൂട്ടിച്ചേർത്തു.
ക എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പരിചിതനായ നടനാണ് കിരൺ അബ്ബാവരം. വിശ്വ കരുൺ സംവിധാനം ചെയ്ത ദിൽറുബയാണ് താരത്തിന്റെ പുതിയ ചിത്രം.