CricketNewsSports

 ലഖ്‌നൗ ഏകദിനം വൈകും: സഞ്ജുവിന്‍റെ ബാറ്റിംഗ് മഴ കൊണ്ടുപോകുമോ?, കാലാവസ്ഥാ പ്രവചനം ആരാധകരെ നിരാശരാക്കും

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ടീം ഇന്ത്യ ഇന്ന് തുടക്കമിടുകയാണ്. വെറ്ററന്‍ താരം ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിലെ ശ്രദ്ധാകേന്ദ്രം മലയാളി താരം സഞ്ജു സാംസണാണ്. അടുത്തിടെ ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ പരമ്പരയില്‍ നടത്തിയ റണ്‍വേട്ട സഞ്ജു തുടരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ലഖ്‌നൗവില്‍ നിന്നുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ ആരാധകര്‍ക്കെല്ലാം ആശങ്ക പകരുന്നതാണ്. 

കാലാവസ്ഥാ പ്രവചനങ്ങള്‍ ശരിവെച്ച് ലഖ്‌നൗവില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിന് മുമ്പേ രസംകൊല്ലിയായി മഴയുടെ കളി. ഇതോടെ ഒരു മണിക്ക് ഇടേണ്ട ടോസ് അരമണിക്കൂര്‍ വൈകിപ്പിച്ച് 1.30ന് മാത്രമേ നടക്കൂവെന്ന് ബിസിസിഐ അറിയിച്ചു. രണ്ട് മണിക്കാകും മത്സരം ആരംഭിക്കുക. ഒന്നരയ്‌ക്ക് മത്സരം ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ലഖ്‌നൗവില്‍ രണ്ട് ദിവസമായുള്ള മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ പ്രവചനങ്ങളുണ്ടായിരുന്നു. ഇന്ന് വൈകിട്ട് ഇടിമിന്നലിനും സാധ്യതയുണ്ട്. . രോഹിത് ശര്‍മ്മയും വിരാട് കോലിയും കെ എല്‍ രാഹുലുമടക്കമുള്ള സീനിയർ താരങ്ങളുടെ അഭാവമുണ്ടെങ്കിലും ഇന്ത്യൻ ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ക്യാപ്റ്റൻ ശിഖ‌‍ർ ധവാൻ വ്യക്തമാക്കി. രജത് പടിദാര്‍, മുകേഷ് കുമാര്‍ എന്നിവരാണ് 16 അംഗ ടീമിലെ പുതുമുഖങ്ങള്‍. 

മത്സരം അര മണിക്കൂര്‍ നീട്ടിയെങ്കിലും ഓവറുകള്‍ കുറച്ചതായി ബിസിസിഐ അറിയിച്ചിട്ടില്ല. മത്സരവേദിയില്‍ ഇനിയും മഴ പെയ്‌താല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയേക്കും. 

ഇന്ന് ലഖ്‌നൗവിലെ ആദ്യ ഏകദിനത്തില്‍ സഞ്ജു കളിക്കുമെന്നാണ് സൂചന. സഞ്ജുവിന് പുറമെ ശുഭ്‌മാന്‍ ഗില്‍, റുതുരാജ് ഗെയ്‌ക്‌വാദ്, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ തുടങ്ങിയ താരങ്ങള്‍ക്ക് പരമ്പരയിലെ പ്രകടനം നിര്‍ണായകമാണ്. 

ഇന്ത്യന്‍ സ്‌ക്വാഡ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍,(വൈസ് ക്യാപ്റ്റന്‍), രജത് പടിദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഷഹ്‌ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയി, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker