സ്‌കൂള്‍ കോമ്പൗണ്ടിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത അധ്യാപകനെ മര്‍ദ്ദിച്ചു
മലപ്പുറം: സ്‌കൂള്‍ കോമ്പൗണ്ടിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത് ചോദ്യം ചെയ്ത അധ്യാപകന് മര്‍ദനം. സംഭവത്തില്‍ 17 കാരനെയുള്‍പ്പടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടരിക്കോട് പികെഎംഎം എച്ച്എസ്എസ് അധ്യാപകനും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ.പി നാസറിനാണ് മര്‍ദനമേറ്റത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ അതിവേഗത്തില്‍ കാറോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച വാഹനം തടഞ്ഞ് ചോദ്യം ചെയ്തതിനാണ് അധ്യാപകന് മര്‍ദനമേറ്റത്. പരീക്ഷാ സമയമായതിനാല്‍ വിദ്യാര്‍ത്ഥികളുള്ള സമയമായിരുന്നു. വാഹനം തടയാന്‍ ശ്രമിച്ചതോടെ അസഭ്യം വിളിച്ചും മര്‍ദിച്ചും അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കെ.പി നാസര്‍ മൊഴി നല്‍കി.
കൈയ്ക്കും കണ്ണിന് താഴെയും പരുക്കേറ്റ അധ്യാപകന്‍ ചികിത്സ തേടി. കാറിലുള്ളവരെ സഹഅധ്യാപകര്‍ തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. സ്‌കൂളിലെമുന്‍ വിദ്യാര്‍ത്ഥിയായ ചെമ്മാട് സ്വദേശി വരമ്പേനാലുങ്ങല്‍ ഫവാസ്, കൂരിയാട് കൂരാട്ടുപടിക്കല്‍ ഷിജു, തിരൂരങ്ങാടി കാരാടന്‍ സുഹൈല്‍, തിരൂരങ്ങാടി സ്വദേശിയായ 17 കാരന്‍ എന്നിവരെയാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരനെ ജുവനൈല്‍ ഹോമില്‍ ഹാജരാക്കിജാമ്യം നല്‍കി വിട്ടയച്ചു.