ന്യൂഡല്‍ഹി:കേന്ദ്രത്തിന്റെ പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്ക് പിന്നാലെ പുതിയ നിയമങ്ങളെ സംബന്ധിച്ചും പിഴത്തുകയെക്കുറിച്ചുമുള്ള കുപ്രചാരണങ്ങളും കൊഴുക്കുകയാണ്. ടാക്സി വാഹനങ്ങളിലെ ഫസ്റ്റ് എയ്ഡ് കിറ്റുകളില്‍ ഇനിമുതല്‍ കോണ്ടവും(ഗര്‍ഭനിരോധന ഉറ)സൂക്ഷിക്കണമെന്നായിരുന്നു ഡല്‍ഹിയിലെ ടാക്സി ഡ്രൈവര്‍മാര്‍ക്കിടയില്‍ പ്രചരിച്ച വ്യാജസന്ദേശങ്ങളിലൊന്ന്.
ഫേസ് ബുക്ക്,വാട്സാപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ വിവരം കാട്ടുതീപോലെ പടര്‍ന്നു.തുടര്‍ന്ന് ഡ്രൈവര്‍മാരില്‍ പലരും വ്യാജസന്ദേശങ്ങള്‍ വിശ്വസിച്ചു.വാഹനത്തിലെ ഫസ്റ്റ് എയ്ഡ് കിറ്റില്‍ കോണ്ടം ഇല്ലെങ്കില്‍ വന്‍തുക പിഴയിടുമെന്നും ഡല്‍ഹിയിലെ ഒരു ടാക്സി ഡ്രൈവര്‍ക്ക് കാറില്‍ കോണ്ടം സൂക്ഷിക്കാത്തതിനാല്‍ പിഴ അടക്കേണ്ടിവന്നതായും സന്ദേശം പ്രചരിച്ചിരുന്നു.
കേട്ടപാടെ ഡല്‍ഹിയിലെ നിരവധി ടാക്സി ഡ്രൈവര്‍മാരാണ് വാഹനത്തില്‍ കോണ്ടം വാങ്ങിസൂക്ഷിച്ചത്.പത്തോ ഇരുപതോ രൂപമാത്രം ചിലവു വരുന്ന കോണ്ടത്തിനായി പോലീസ് ഈടാക്കിയേക്കാവുന്ന വന്‍പിഴ പേടിച്ചാണ് കോണ്ടം വാങ്ങിവെച്ചതെന്നായിരുന്നു ഡ്രൈവര്‍മാരുടെ പ്രതികരണം. വാഹനത്തിനുള്ളില്‍ കോണ്ടം സൂക്ഷിയ്ക്കുന്നതിന്റെ ആവശ്യകതയേക്കുറിച്ച് സംശയങ്ങളുണ്ടെങ്കിലും അറിഞ്ഞ വിവരം ശിരസാ വഹിയ്ക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.