പുണെ: മഹാരാഷ്ട്രയിലെ പുണെയിലുള്ള ടാറ്റ മോട്ടോർസിന്റെ പ്ലാന്റിൽ നാല് മെഗാവാട്ടിന്റെ സോളാർ പദ്ധതി സ്ഥാപിക്കാൻ ടാറ്റ പവർ കരാർ ഒപ്പിട്ടു. ഇരു കമ്പനികളും പവർ പർച്ചേസ് എഗ്രിമെന്റാണ് ഒപ്പിട്ടിരിക്കുന്നത്. ഇവിടെ നിന്ന് 58 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. പത്ത് ലക്ഷം ടണ്ണോളം കാർബൺ ബഹിർഗമനം കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ഒരായുഷ്കാലം കൊണ്ട് 16 ലക്ഷം മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന് തുല്യമാണിത്.
ടാറ്റ മോട്ടോർസ് 2022 വരെ പുണെയിലെ പ്ലാന്റിൽ 2.1 കോടി കിലോവാട്ട് പുനസംസ്കരണ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന 15 മെഗാവാട്ട് സോളാർ പദ്ധതി സ്ഥാപിച്ചിരുന്നു. ഇനി വരുന്ന കുറച്ച് വർഷങ്ങൾക്കുള്ളിൽ ഊർജ്ജോപഭോഗം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
2022 ൽ മാത്രം രാജ്യത്തെമ്പാടുമുള്ള തങ്ങളുടെ പ്ലാന്റുകളിൽ നിന്നായി 92.39 ദശലക്ഷം കിലോവാട്ട് പുനസംസ്കരണ വൈദ്യുതിയാണ് ടാറ്റ കമ്പനി ഉൽപ്പാദിപ്പിച്ചത്. തങ്ങളുടെ പ്ലാന്റുകളിലെ മാനുഫാക്ചറിങ് പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരുന്നു ഇവ ഉപയോഗിച്ചത്. ആകെ വൈദ്യുതി ഉപഭോഗത്തിന്റെ 19.34 ശതമാനം ഇതിലൂടെ നികത്താൻ കമ്പനിക്ക് സാധിച്ചിരുന്നു.