പാലക്കാട്: പാലക്കാട് സംഘര്‍ഷം തടയാന്‍ തമിഴ്നാട് പോലീസും. മൂന്ന് ദിവസത്തേക്കാണ് തമിഴ്നാട് പൊലീസിന്റെ സുരക്ഷാ വിന്യാസം. കോയമ്പത്തൂര്‍ സിറ്റി പൊലീസിന്റെ മൂന്ന് കമ്പനി ഉള്‍പ്പെടെ 900 പൊലീസുകാരാണ് പാലക്കാട് എത്തുക. അതേസമയം, പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്. ഈ മാസം 20 വരെയാണ് നിരോധനാജ്ഞ. പാലക്കാട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. വിഷുദിനത്തിലാണ് ജില്ലയില്‍ എസ്ഡിപിഐ പ്രവര്‍ത്തനെ കൊലപ്പെടുത്തിയത്. ഉച്ചയോടെയായിരുന്നു സുബൈര്‍ എന്ന യുവാവിന്റെ കൊലപാതകം. പാലക്കാട് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തന്നെയായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിര്‍വശത്തു നിന്ന് ഇടിച്ചു വീഴ്ത്തി.
പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയില്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈര്‍.
നാടിനേറ്റ ഈ മുറിവ് ഉണങ്ങും മുന്‍പാണ് മറ്റൊരു കൊലപാതകം കൂടി നടന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന് വെട്ടേറ്റ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയില്‍ വച്ചായിരുന്നു സംഭവം. തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ടു ബൈക്കുകളിലെത്തിയ സംഘം ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയര്‍ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പാലക്കാട് നോര്‍ത്ത് കസബ സ്റ്റേഷന്‍ പരിധിയാലണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആരോപിച്ചു.