കാബൂള്‍:അഫ്‍ഗാനിസ്ഥാനിലെ സുപ്രധാനമായ നഗരങ്ങളെല്ലാം കീഴടക്കിയതിന് പിന്നാലെ തലസ്ഥാനമായ കാബൂള്‍ വളഞ്ഞ് താലിബാന്‍. അതിര്‍ത്തിയില്‍ തമ്പടിച്ച താലിബാന്‍ അഫ്ഗാന്‍ സൈന്യത്തോട് പിന്മാറാന്‍ ആവശ്യപ്പെട്ടു.സംഘര്‍ഷത്തിന് മുതിരരുത്. ജനനിബിഡമായ നഗരത്തില്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. ആരും പലായനം ചെയ്യേണ്ട കാര്യമില്ലെന്നും താലിബാന്‍ വ്യക്തമാക്കി. ജലാലാബാദ്, മസാരേ ശരീഫ് നഗരങ്ങൾ പിടിച്ച താലിബാൻ കാബൂളിലേക്കുള്ള പാതകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. മിക്കയിടത്തും ഏറ്റുമുട്ടലിന് നിൽക്കാതെ അഫ്ഗാൻ സൈന്യം പിന്മാറുകയാണ്.
യുഎസ് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിച്ചു തീരും വരെ കാബൂളിൽ പ്രവേശിക്കരുത് എന്നാണ് അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കൻ പൗരന്മാർക്ക് നേരെ ആക്രമണം ഉണ്ടായാൽ തിരിച്ചടി നൽകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ തന്നെ മുന്നറിയിപ്പ് നൽകി. പ്രത്യേക വിമാനങ്ങളിൽ ഉദ്യോഗസ്ഥരെ മിന്നൽ വേഗത്തിൽ ഒഴിപ്പിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. മിക്ക നഗരങ്ങളിലും കാര്യമായ ചെറുത്തുനില്‍പ്പിന് മുതിരാതെ അഫ്ഗാൻ സൈന്യം പിന്മാറിയതോടെയാണ് മസാരേ ശരീഫ് , ജലാലാബാദ് നഗരങ്ങൾ അതിവേഗം കീഴടക്കാൻ താലിബാന് കഴിഞ്ഞത്. അഫ്ഗാൻ സൈന്യം പലയിടത്തുനിന്നും കൂട്ടത്തോടെ ഓടിപ്പോവുകയാണ്.
പ്രസിഡന്‍റ് അഷ്‌റഫ് ഖാനി ഏതു നിമിഷവും സ്ഥാനം ഒഴിഞ്ഞേക്കും എന്നതാണ് അവസ്ഥ. കാബൂൾ ഒഴികെ എല്ലാ സുപ്രധാന നഗരങ്ങളും പാതകളും താലിബാൻ പിടിച്ചതോടെ കാബൂളിലേക്ക് ഇന്ധനം പോലും എത്തില്ല എന്നതാണ് അവസ്ഥ. ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കൂടി ഇരച്ചെത്തിയതോടെ വലിയ ദുരന്തത്തിന്‍റെ വക്കിലാണ് കാബൂൾ. എല്ലാക്കാലത്തും അഫ്ഗാനിൽ തുടരാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും ഈ യുദ്ധം തലമുറകളിലേക്ക് കൈമാറാൻ ആഗ്രഹിക്കുന്നില്ലെന്നും ജോ ബൈഡൻ പറഞ്ഞു. എത്ര വർഷം തുടർന്നാലും അഫ്ഗാനിൽ അവസ്ഥ മാറാൻ പോകുന്നില്ലെന്നും ബൈഡൻ പറഞ്ഞു.