CrimeNationalNews

‘വിവാഹം മറച്ചുവെച്ചു, ആക്രമണത്തിൽ കാലിലെ മൂന്ന് എല്ലുകൾക്ക് പൊട്ടൽ’; യുവതിയുടെ വെളിപ്പെടുത്തല്‍

മുംബൈ: മഹാരാഷ്ട്രയിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതി രംഗത്ത്. മഹാരാഷ്ട്ര റോഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എം.ഡി.യായ അനില്‍ ഗെയ്ക്‌വാദിന്റെ മകന്‍ അശ്വജിത് ഗെയ്ക്‌വാദിനെതിരേയാണ് കാമുകിയാണെന്ന് അവകാശപ്പെടുന്ന പ്രിയസിങ് വീണ്ടും രംഗത്തെത്തിയത്.

അശ്വജിത് വിവാഹിതനാണെന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും ഇക്കാര്യം മറച്ചുവെച്ചാണ് ഇയാള്‍ അടുപ്പം സ്ഥാപിച്ചതെന്നും പ്രിയ സിങ് വെളിപ്പെടുത്തി. ഏറെനാളായി തങ്ങള്‍ പ്രണയത്തിലാണെന്നും പ്രിയ സിങ് പറഞ്ഞു.

ക്രൂരമായി മര്‍ദിച്ചും കാലിലൂടെ കാറോടിച്ച് കയറ്റിയും അശ്വജിത് പരിക്കേല്‍പ്പിച്ചതായി പ്രിയ സിങ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം വിശദീകരിച്ച് ആശുപത്രിയില്‍നിന്നുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇതോടെ അശ്വജിത് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് അശ്വജിത്തുമായുള്ള ബന്ധത്തെക്കുറിച്ച് പരാതിക്കാരി കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

വിവാഹിതനാണെന്ന കാര്യം അറിഞ്ഞപ്പോഴും കള്ളം പറഞ്ഞ് അശ്വജിത് തന്നെ കബളിപ്പിക്കുകയായിരുന്നു. ഭാര്യയുമായി വേര്‍പിരിഞ്ഞെന്നും തന്നെ വിവാഹം കഴിക്കാനാണ് ആഗ്രഹമെന്നുമാണ് അയാള്‍ പറഞ്ഞത്. ഏറെനാളായി താനും അയാള്‍ക്കൊപ്പമായിരുന്നു. ഡിസംബര്‍ 11-ാം തീയതി രാത്രിയാണ് അശ്വജിത്തിനെ കാണാനായി പോയത്. പക്ഷേ, അവിടെ അയാള്‍ക്കൊപ്പം ഭാര്യയും ഉണ്ടായിരുന്നു. ഇത് കണ്ട് ഞെട്ടിത്തരിച്ച താന്‍ അയാളോട് സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ, അയാള്‍ ആക്രമിച്ചു. തുടര്‍ന്ന് പരസ്പരം തര്‍ക്കമുണ്ടായെന്നും പ്രിയ സിങ് പറഞ്ഞു.

സംഭവത്തില്‍ വലതുകാലിലെ മൂന്ന് എല്ലുകള്‍ക്കാണ് പൊട്ടലുണ്ടായത്. ഇതിന് ശസ്ത്രക്രിയ നടത്തി. തോള്‍ മുതല്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. ശരീരം അനക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് സംഭവത്തില്‍ പരാതി നല്‍കാന്‍ പോയപ്പോള്‍ പോലീസ് ഒരുനടപടിയും സ്വീകരിച്ചില്ല. എന്നാല്‍ ഇക്കാര്യം സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ പോലീസ് തനിക്ക് പിന്തുണ നല്‍കിയെന്നും പ്രിയ സിങ് പറഞ്ഞു.

അതേസമയം, യുവതിയുടെ ആരോപണങ്ങളെല്ലാം പ്രതി അശ്വജിത് നിഷേധിച്ചിട്ടുണ്ട്. ഇതെല്ലാം പണം തട്ടാനുള്ള ശ്രമമാണെന്നും ഇയാള്‍ ആരോപിച്ചു.

പ്രിയ സിങ് ഒരുസുഹൃത്ത് മാത്രമാണെന്നായിരുന്നു യുവാവിന്റെ പ്രതികരണം. കുടുംബവുമൊത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് പ്രിയ മദ്യലഹരിയില്‍ അവിടെ എത്തിയത്. തുടര്‍ന്ന് സംസാരിക്കാനായി നിര്‍ബന്ധിച്ചു. താന്‍ വിസമ്മതിച്ചപ്പോള്‍ തന്നെ അസഭ്യം പറഞ്ഞു. ഇതിനിടെ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ച തന്റെ സുഹൃത്തുക്കളെ യുവതി മര്‍ദിച്ചതായും അശ്വജിത് ആരോപിച്ചു.

പ്രിയയെ മനഃപൂര്‍വം കാറിടിപ്പിച്ചതല്ല. ഡ്രൈവര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തതിന് പിന്നാലെ യുവതി മാറിനില്‍ക്കുമെന്നാണ് കരുതിയത്. എന്നാല്‍ യുവതി നിലത്തേക്ക് വീണു. അങ്ങനെയാണ് കാലിലൂടെ കാര്‍ കയറിയതെന്നും ഇയാള്‍ പ്രതികരിച്ചു. നേരത്തെ പലതവണ യുവതിക്ക് പണം നല്‍കിയിട്ടുണ്ട്. ഇതും പണം തട്ടാനുള്ള ശ്രമമാണ്.

നേരത്തെ പണം നല്‍കിയതിന് തന്റെ കൈയില്‍ തെളിവുണ്ടെന്നും അശ്വജിത് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, പ്രതിയായ അശ്വജിത് യുവമോര്‍ച്ചയുടെ ഭാരവാഹിയാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. യുവമോര്‍ച്ച താണെ ഡിവിഷന്‍ പ്രസിഡന്റാണെന്നാണ് ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ അവകാശപ്പെടുന്നതെന്നാണ് ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker