KeralaNews

വിദ്യാര്‍ഥികള്‍ക്ക് രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ, അക്കൗണ്ട് തുറക്കാം; വിദ്യാഭ്യാസ വായ്പയ്ക്ക് മുന്‍ഗണന, വിദ്യാനിധി നിക്ഷേപ പദ്ധതി തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: കുട്ടികള്‍ക്കായി കേരള ബാങ്ക് ആവിഷ്‌കരിച്ച ‘വിദ്യാനിധി’ നിക്ഷേപ പദ്ധതി തിങ്കളാഴ്ച ആരംഭിക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക, പഠനാവശ്യങ്ങള്‍ക്ക് ആ തുക ഉപയോഗിക്കാന്‍ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഏഴു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായാണു ‘വിദ്യാനിധി’ പദ്ധതി ആരംഭിക്കുന്നത്. പദ്ധതി പ്രകാരം 12 മുതല്‍ 16 വരെ പ്രായമുള്ള കുട്ടികള്‍ക്കു സ്വന്തം പേരില്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കാം.

സൗജന്യ എസ്എംഎസ്, സൗജന്യ ഡിഡി ചാര്‍ജ്, സൗജന്യ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ് സേവനങ്ങള്‍, വിദ്യാഭ്യാസ വായ്പയ്ക്കു മുന്‍ഗണന, സൗജന്യ സര്‍വീസ് ചാര്‍ജ്, സൗജന്യ എ.ടി.എം. കാര്‍ഡ്, മൊബൈല്‍ ബാങ്കിങ് സൗകര്യം തുടങ്ങിയവ ഈ അക്കൗണ്ടിന്റെ പ്രത്യേകതകളാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ഈ അക്കൗണ്ട് വഴി ലഭിക്കും. സ്‌കൂള്‍ പഠനകാലം കഴിഞ്ഞാലും അക്കൗണ്ട് തുടരാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.

പദ്ധതിയില്‍ അംഗമായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷകര്‍ത്താവിന് (മാതാവിനു മുന്‍ഗണന) എല്ലാവിധ സാധാരണ ഇടപാടുകളും നടത്താന്‍ കഴിയുന്ന സ്‌പെഷ്യല്‍ പ്രിവിലേജ് അക്കൗണ്ട് തുറക്കുന്നതിനും അനുവാദം നല്‍കും. രണ്ടു ലക്ഷം രൂപവരെയുള്ള അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ ഈ അക്കൗണ്ട് ഉറപ്പാക്കും. ആദ്യ വര്‍ഷ പ്രീമിയം ബാങ്ക് നല്‍കും. സഹകരണബാങ്കുകളിലെ ആര്‍ബിഐ ഇടപെടലില്‍ ആദ്യം സുപ്രീംകോടതിയെ സമീപിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഭരണഘടന അനുസരിച്ച് സഹകരണ മേഖല സംസ്ഥാന വിഷയമാണ്. അതിനാല്‍ സഹകരണ ബാങ്കുകളിലെ ഇടപെടല്‍ സംബന്ധിച്ച് ആദ്യം ആര്‍ബിഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ഇതില്‍ പരിഹാരമായില്ലെങ്കില്‍ നിയമപരമായി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് നോക്കി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker