
തിരുവനന്തപുരം: കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്രം കുറച്ചത് തുച്ഛമായ തുകമാത്രമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നത്. കേരളത്തിലും ഇതേസാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇന്ധന നികുതി കുറച്ചാല്‍ സംസ്ഥാനത്തിന് കടുത്ത വരുമാന നഷ്ടമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏതാനും മാസങ്ങളായി 30 രൂപയോളം കൂട്ടിയിട്ടാണ് കേന്ദ്രം അഞ്ച് രൂപ കുറച്ചതെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖം മിനുക്കല്‍ നടപടി മാത്രമാണ് കേന്ദ്രം ചെയ്യുന്നത്. പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലിക്ക് പൈസ കൊടുക്കുന്ന പോലെയാണ് കേന്ദ്രത്തിന്റെ നടപടിയെന്നും ബാലഗോപാല്‍ പരിഹസിച്ചു.
അതേസമയം സംസ്ഥാനം ഇന്ധന നികുതി കുറച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. കേന്ദ്രം നികുതി കുറച്ച നടപടി സ്വാഗതം ചെയ്യുന്നു. കേന്ദ്രനടപടി ആശ്വാസകരമാണെന്നും സുധാകരന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകണം. ഇല്ലെങ്കില്‍ സംസ്ഥാനത്ത് ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.