അഡ്‍ലെയ്ഡ്: ട്വന്റി20 ലോകകപ്പിന്റെ സെമി പോരാട്ടത്തിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‍ലർ ഫീൽഡിങ് തിരഞ്ഞെടുത്തു. ഡേവിഡ് മലാനും മാർക് വുഡും ഇംഗ്ലണ്ടിനായി കളിക്കുന്നില്ല. പകരക്കാരായി ഫിലിപ് സാൾട്ടും ക്രിസ് വോക്സും ടീമിലെത്തി.
കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ അതേ ടീമുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നത്. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാകും. ദിനേഷ് കാർത്തിക്ക് ഇംഗ്ലണ്ടിനെതിരെ കളിക്കില്ല. സ്പിന്നർ യുസ്‍വേന്ദ്ര ചെഹലിനും ടീമിൽ അവസരം ലഭിച്ചില്ല.
ഇന്ത്യ പ്ലേയിങ് ഇലവൻ– കെ.എൽ. രാഹുൽ, രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.
ഇംഗ്ലണ്ട് ടീം– ജോസ് ബട്‌ലർ (ക്യാപ്റ്റൻ), അലക്സ് ഹെയ്ല്‍സ്, ഫിലിപ് സാൾട്ട്, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റൻ, മൊയീൻ അലി, സാം കറൻ, ക്രിസ് ജോർദാൻ, ക്രിസ് വോക്സ്, ആദിൽ റാഷിദ്.
ക്യാപ്റ്റൻ ജോസ് ബട്‍ലറിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ഇതുവരെ സൂപ്പർ ഫോമിന്റെ അടുത്തെത്തുന്ന ഇന്നിങ്സ് ഈ ടൂർണമെന്റിൽ കളിച്ചില്ലെങ്കിലും ബട‌്‌ലർ തിളങ്ങുമെന്നും ജയം കൊണ്ടുവരുമെന്നും ഇംഗ്ലണ്ട് കരുതുന്നു. ഹെയ്ൽസ് കൊടുങ്കാറ്റായാൽ കാര്യങ്ങൾ എളുപ്പമാകും.
360 ഡിഗ്രി കളിക്കാരനായ ലോക ഒന്നാം നമ്പർ താരം സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ പ്രതീക്ഷ. സൂര്യതേജസ്സിനു മുന്നിൽ ഇംഗ്ലിഷ് ബോളർമാർക്ക് എന്തു ചെയ്യാനാവുമെന്ന് ലോകം ഉറ്റുനോക്കുന്നു. മികച്ച ഫോമിലുള്ള വിരാട് കോലിയുടെ പിന്തുണ സൂര്യയുടെ പ്രഹരശേഷി കൂട്ടും.
ഓസ്ട്രേലിയൻ പിച്ചുകളിൽ സ്പിന്നർമാരെ ഏറ്റുമധികം തുണയക്കുന്നതാണ് അഡ്‍ലെയ്ഡ് ഓവലിലേത്. ഇവിടെ നടന്ന കളികളിലെല്ലാം സ്പിന്നർമാർ റണ്ണൊഴുക്കു തടയുന്നതിലും വിക്കെറ്റെടുക്കുന്നതിലും വിജയിച്ചു. ചെറിയ ബൗണ്ടറികളായതിനാൽ വൻ സ്കോറിനു സാധ്യത. ടോസ് നേടുന്ന ടീം 170–180 റൺസ് ലക്ഷ്യമിട്ടാവും കളിക്കുക.