എറണാകുളത്ത് ടി.ജെ വിനോദ് വിജയിച്ചു
തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന അഞ്ചു നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണലില്‍ ആദ്യ ഫലപ്രഖ്യാപനം പുറത്ത് വന്നപ്പോള്‍ എറണാകുളം മണ്ഡലത്തില്‍ 3673 ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് വിജയിച്ചു. മഞ്ചേശ്വരത്തും അരൂരും യു.ഡി.എഫ് ലീഡ് ചെയ്യുമ്പോള്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍.ഡി.എഫാണ് മുന്നേറുന്നത്.
വട്ടിയൂര്‍ക്കാവില്‍ തുടക്കം മുതല്‍ തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിവി.കെ.പ്രശാന്ത് മുന്നേറുന്നുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എറണാകുളത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥിസി.ജി. രാജഗോപാലിന്മൂന്ന് വോട്ടിന്റെ ലീഡ് നേടാനായത് ഒഴിച്ചാല്‍ മറ്റെവിടെയും ബി.ജെ.പിക്ക് മുന്നേറാനായിട്ടില്ല. മഞ്ചേശ്വരത്ത് ഗവ. എച്ച്.എസ്. പൈവളികെ നഗര്‍, എറണാകുളത്ത് മഹാരാജാസ് കോളേജ്, അരൂരില്‍ ചേര്‍ത്തല പള്ളിപ്പുറം എന്‍.എസ്.എസ്. കോളേജ്, കോന്നിയില്‍ എലിയറയ്ക്കല്‍ അമൃത വി.എച്ച്.എസ്.എസ്., വട്ടിയൂര്‍ക്കാവില്‍ പട്ടം സെയ്ന്റ് മേരീസ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണു വോട്ടെണ്ണല്‍.
ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട് മൂന്നോടെ ഉണ്ടാകും. വോട്ടെണ്ണലിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു.
സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇടത്-വലത് മുന്നണികള്‍ അവകാശപ്പെടുന്നത്. അഞ്ചില്‍ നാലെണ്ണം യു.ഡി.എഫിന്റെയും ഒന്ന് ഇടതുമുന്നണിയുടെയും സിറ്റിങ് സീറ്റുകളാണ്. മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങള്‍ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്നവയും.