കോഴിക്കോട്:കണ്ണൂർ സർവകലാശാല സിലബസിൽ ഹിന്ദുത്വ പാഠഭാഗം ഉൾപ്പെടുത്തിയത് കാവിവത്കരണമാണെന്ന ആരോപണം തള്ളി സിലബസ് തയ്യാറാക്കിയ വിദഗ്ധ സമിതിയുടെ കൺവീനർ. സിലബസ് തയ്യാറാക്കിയ നാലംഗ സമിതി ഉദ്ദശിച്ചതിന് വിപരീതമായ രീതിയിലാണ് കാര്യങ്ങൾ വിവാദമായത്. സിലബസിൽ ഇടത്, ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ ആശയങ്ങൾ ഉൾക്കൊള്ളിച്ചില്ലെന്ന വിമർശനത്തെ അംഗീകരിക്കുന്നുവെന്നും അധ്യാപകനും സിലബസ് സമിതി കൺവീനറുമായ കെഎം സുധീഷ് പ്രതികരിച്ചു.
മഹാത്മാ ഗാന്ധിയേയും നെഹ്രുവിനേയും സിലബസിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണം തെറ്റാണ്. ഗാന്ധി, നെഹ്രു, അംബേദ്കർ, ടാഗോർ തുടങ്ങിയവരെല്ലാം സിലബസിന്റെ ഭാഗമാണ്. ഹിന്ദുത്വ ആശയങ്ങളെക്കുറിച്ച് പറയുന്ന പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് കാവിവത്കരണമെന്ന് പറയുന്നത് ശരിയല്ല. ഉത്തരേന്ത്യയിലെല്ലാം ഗാന്ധിയേയും നെഹ്രുവിനേയുമെല്ലാം തിരസ്കരിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള ഹിന്ദുത്വ നേതാക്കളെ സിലബസിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ കണ്ണൂർ സർവകലാശാലയിൽ അങ്ങനെയല്ല സംഭവിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ഗാന്ധിയും നെഹ്രുവും അംബേദ്കറും ദേശീയതയെക്കുറിച്ച് പ്രതിപാദിച്ച കാര്യങ്ങൾ കൂട്ടിവായിക്കണമെന്ന് പറഞ്ഞതിനൊപ്പമാണ് സവർക്കറും ഗോൾവാൾക്കറും ഉൾപ്പെടെയുള്ളവർ പറഞ്ഞ കാര്യങ്ങളും വായിക്കണമെന്ന് സിലബസിൽ നിർദേശിച്ചത്. എംഎ ഗവേണൻസ് ആന്റ് പൊളിറ്റിക്സ് പുതിയ കോഴ്സായതിനാൽ സിലബസ് തയ്യാറാക്കാൻ കുറച്ചു സമയം മാത്രമാണ് ലഭിച്ചത്. ഇടത്, ന്യൂനപക്ഷ വിഭാഗങ്ങളിലെ നേതാക്കാൾ ഉൾപ്പെടെയുള്ളവരുടെ പാഠഭാഗങ്ങൾ സിലബസിൽ ഉൾപ്പെടുത്താതിരുന്നത് പോരായ്മയാണെന്ന സർവകലാശാല വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവരുടെ വിമർശനങ്ങൾ സിലബസ് സമിതി ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിവാദത്തിൽ വൈസ് ചാൻസലർ നൽകിയ വിശദീകരണത്തോട് പൂർണമായും യോജിക്കുന്നു. സിലബസ് തയ്യാറാക്കിയ കമ്മിറ്റിയുടെ നിലപാടും വൈസ് ചാൻസലർ പറഞ്ഞതു തന്നെയാണ്. കമ്മിറ്റിയിലെ ഒരംഗം കഴിഞ്ഞ ദിവസം വൈസ് ചാൻസലറെ കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു. വിദ്യാർഥികൾക്ക് പഠിക്കാനുള്ള പാഠഭാഗങ്ങൾ ജനാധിപത്യത്തിന്റെ കേന്ദ്രമാകണമെന്ന് തന്നെയാണ് നിലപാട്. അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളുമെല്ലാം ഉണ്ടാകും. അതാണ് ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാൽ സിലബസിൽ ഒരിക്കലും വിചാരിക്കാത്ത തരത്തിലുള്ള വിവാദങ്ങളുണ്ടായതിൽ വ്യക്തിപരമായി ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിലബസ് തയ്യാറാക്കാനുള്ള ജോലിയാണ് തങ്ങളെ ഏൽപ്പിച്ചത്. ഇപ്പോഴുണ്ടായ വിവാദങ്ങളൊന്നും സമിതിയുടെ കാഴ്ചപ്പാടിലുണ്ടായിരുന്നില്ല. കാര്യങ്ങൾ എങ്ങനെ വിവാദമായെന്നും അറിയില്ല. നേരത്തെയും നിരവധി സിലബസ് തയ്യാറാക്കിയ ബോർഡ് ഓഫ് സ്റ്റഡീസിലെ അംഗമായിരുന്നു. എന്നാൽ പാഠഭാഗം സംബന്ധിച്ച് വിവാദം ഇതാദ്യമാണ്. ഈ കോഴ്സിന്റെ മൂന്നാം സെമസ്റ്ററിനായി സിലബസ് തയ്യാറാക്കുമ്പോൾ അന്ന് ബോർഡ് ഓഫ് സ്റ്റഡീസ് ഉണ്ടായിരുന്നില്ല. താൻ കൺവീനറായ നാലംഗ വിദഗ്ധ സമിതിയാണ് സിലബസ് തയ്യാറാക്കിയത്. സവർക്കർ, ഗോൾവാൾക്കർ ഉൾപ്പെടെയുള്ളവരുടെ പാഠഭാഗങ്ങൾ സമിതി ഏകകണ്ഠമായാണ് സിലബസിൽ ഉൾപ്പെടുത്തിയത്.
വിവാദമുണ്ടായ പശ്ചാത്തലത്തിൽ വിഷയം പഠിക്കാനായി നിയോഗിച്ച രണ്ടംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് എന്തുതന്നെയാണെങ്കിലും അത് പൂർണമായും ഉൾക്കൊള്ളാൻ തയ്യാറാണ്. താൻ ഉൾപ്പെടെയുള്ള ഈ കമ്മിറ്റിയെ അംഗങ്ങൾ പുരോഗമന ആശയങ്ങളുടെ ഭാഗമായി നിൽക്കുന്നവർ തന്നെയാണ്. അല്ലാതെ സിലബസിനെ കാവിവത്കരിക്കുന്നതിനോടോ വർഗീയ വത്ക്കരിക്കുന്നതിനോടോ യോജിപ്പുള്ളവരല്ലെന്നും അദ്ദേഹം പറഞ്ഞു.
സിലബസ് പൂർണല്ലെന്നും അധ്യാപകരുടെ കണ്ണിലൂടെ നോക്കുമ്പോൾ ചില പോരായ്മകൾ സിലബസിലുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം വൈസ് ചാൻസലർ വിശദീകരിച്ചിരുന്നത്. സവർക്കറും ഗോൾവാൾക്കറും സിലബസിൽ വന്നതിൽ അപാകതയില്ല. എന്നാൽ ഹിന്ദുത്വ ആശയവാദികളുടെ അഞ്ച് പുസ്തകങ്ങൾ സിലബസിൽ വേണ്ടിയിരുന്നില്ലെന്നും ഇടത്, ന്യൂനപക്ഷങ്ങളുടെ ആശയങ്ങൾ സിലബസിൽ ഇല്ലാത്തത് വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം സ്വാതന്ത്യ സമരത്തോട് മുഖംതിരിഞ്ഞുനിന്ന ആശയങ്ങളെയും അത് ഉയർത്തിപ്പിടിച്ച നേതാക്കളെയും മഹത്വവത്ക്കരിക്കുന്നത് ശരിയല്ലെന്നാണ് വിവാദത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്.
കാര്യങ്ങൾ പഠിക്കാൻ നിയോഗിച്ച രണ്ടംഗ വിദഗ്ധ സമിതി അഞ്ച് ദിവസത്തിനുള്ളിൽ വൈസ് ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതു പഠിച്ച ശേഷം സിലബസ് പിൻവലിക്കണമോയെന്ന് തീരുമാനിക്കുമെന്നും വൈസ് ചാൻസലർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.