തൃശൂര്‍: തിരഞ്ഞെടുപ്പ് കാലത്ത് ആര് ജയിക്കും എന്നതിനെ ചൊല്ലി പന്തയങ്ങള്‍ വെക്കുന്നത് പതിവാണ്. പലപ്പോഴും ബിരിയാണി, പണം, മീശവടിക്കല്‍, മൊട്ടയടിക്കല്‍ എന്നിവയെല്ലാമാണ് പന്തയത്തിന്റെ വാഗ്ദാനമായി വരാറുള്ളത്. എന്നാല്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വിജയങ്ങള്‍ അവകാശപ്പെട്ട് ചാവക്കാട്ടെ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെച്ച പന്തയമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരില്‍ എല്‍ഡിഎഫിനായി വിഎസ് സുനില്‍ കുമാറും യുഡിഎഫിനായി കെ മുരളീധരനും എന്‍ഡിഎക്കായി സുരേഷ് ഗോപിയുമാണ് മത്സരിച്ചത്. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചേക്കും എന്ന തരത്തിലുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബൈജുവും ബിജെപി പ്രവര്‍ത്തകനായ സുനിയും പരസ്പരം പന്തയം വെച്ച് രംഗത്തെത്തിയത്.
തൃശൂരില്‍ സുരേഷ് ഗോപി തോറ്റാല്‍ തന്റെ പക്കലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നല്‍കുമെന്നാണ് സുനിയുടെ വെല്ലുവിളി. മറിച്ച് കെ മുരളീധരന്‍ തോറ്റാല്‍ തന്റെ മാരുതി വാഗണര്‍ കാര്‍ ബിജെപി പ്രവര്‍ത്തകന് കൊടുക്കാമെന്ന് ബൈജുവും പന്തയം വെച്ചിട്ടുണ്ട്. പന്തയം ചുമ്മാ വെച്ചതല്ല. ഇത് വീഡിയോയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല ഒന്നിലധികം പേരെ സാക്ഷികളാക്കി, സാക്ഷികളിലൊരാള്‍ക്ക് കാറുകളുടെ താക്കോലും കൈമാറിയിട്ടുണ്ട്. അതേസമയം ഇനി ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറാണ് വിജയിക്കുന്നതെങ്കില്‍ രണ്ട് പേര്‍ക്കും കാര്‍ നഷ്ടമാകില്ല എന്ന കൗതുകവുമുണ്ട്. പന്തയം വെച്ച് കൊണ്ട് ഇരുവരും നടത്തിയ പ്രഖ്യാപനം ഇങ്ങനെയാണ്…
‘പ്രിയ സുഹൃത്തുക്കളെ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ റിസല്‍ട്ട് നാളെ ഈ നേരം നാമെല്ലാവരും അറിയുകയാണ്. ഇന്ന് ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പോട് അനുബന്ധിച്ച് വന്ന എക്‌സിറ്റ് പോളുകളുടെ അടിസ്ഥാനത്തില്‍ ഇവിടെ സുരേഷ് ഗോപി ജയിക്കും എന്നാണ് നമുക്കെല്ലാം അറിയാന്‍ കഴിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്റെ പ്രിയ സുഹൃത്തും ബിജെപി പ്രവര്‍ത്തകനുമായ ചില്ലി സുനിയുമായുള്ള സംവാദത്തില്‍ അതൊരു ബെറ്റിലേക്ക് കലാശിക്കുകയാണ്.
സുരേഷ് ഗോപി ഇവിടെ ജയിക്കുകയാണെങ്കില്‍ എന്റെ കെഎല്‍ 46 ടി 3622 എന്ന വാഗണര്‍ കാര്‍ ഞാന്‍ സുനിക്ക് കൈമാറുന്നതാണ്. കെ മുരളീധരന്‍ ജയിക്കുകയാണെങ്കില്‍ കെഎല്‍ 55 ഡി 4455 എന്ന സ്വിഫ്റ്റ് ഡിസയര്‍ കാര്‍ സുനി ബൈജുവിനും കൊടുക്കും. ഈ ബെറ്റിന്റെ സാക്ഷികളായിട്ട് ഷാജഹാനും ഷെരീഫ് ചൈതന്യ, മണികണ്ഠന്‍, അജിത്ത്, അച്ചപ്പു എന്നിവരെയെല്ലാം സാക്ഷിയാക്കി കൊണ്ട് കാറിന്റെ താക്കോല്‍ ഷാജഹാന് കൈമാറുന്നു’ എന്നാണ് ബൈജു പറയുന്നത്.