തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്ന സുരേഷ് നയിച്ചിരുന്നത് ആഡംബരജീവിതം. തലസ്ഥാനത്തെ ആഡംബര ഫ്ളാറ്റിലായിരിന്നു താമസം. സഞ്ചരിച്ചിരുന്നത് മുന്തിയ ഇനം വാഹനങ്ങളില്‍. വി.ഐ.പികളുമായി സ്വപ്‌നയ്ക്ക് ഉറ്റബന്ധമാണുള്ളത്. വിദേശത്തു പഠിച്ച്, തലസ്ഥാനത്തു ജോലിക്കെത്തിയ സ്വപ്ന ഭരണതലത്തിലെ ഉന്നതരുമായി ബന്ധം വളര്‍ത്തിയെടുത്തു. കൊവിഡ് രോഗികളുടെ വിശദാംശങ്ങള്‍ വിശകലനം ചെയ്യാന്‍ വിദേശ കമ്പനിയായ സ്പ്രിങ്ളറിനു കരാര്‍ നല്‍കിയതിനു പിന്നിലും സ്വപ്നാ സുരേഷിന്റെ പങ്ക് സംശയിക്കപ്പെടുന്നുണ്ട്.
എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്‍ഡിലിങ് സ്ഥാപനമായ സാറ്റ്സില്‍ സെക്രട്ടറിയായിരിക്കേ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരേ പീഡനപരാതി കൊടുപ്പിച്ചു. എന്നാല്‍, ഉദ്യോഗസ്ഥനെതിരായ പരാതിയില്‍ 17 പേരുകള്‍ എഴുതിയൊപ്പിട്ടതു സ്വപ്നയാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ നീക്കം പൊളിഞ്ഞു. തുടര്‍ന്ന് വ്യാജരേഖ ചമച്ചതിനു സ്വപ്നയെ പ്രതിചേര്‍ത്ത് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
മാസങ്ങള്‍ക്കു മുമ്പ് കോവളത്തെ ഒരു വിവാഹസല്‍ക്കാരത്തിലുണ്ടായ സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് സ്വപ്നക്കെതിരായ പരാതി ഒതുക്കിത്തീര്‍ത്തിരുന്നു. യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നു പുറത്തായെങ്കിലും ഇവര്‍ക്ക് ഉന്നതബന്ധങ്ങള്‍ തുണയായി. ഇതിനിടെ, സ്വപ്ന സുരേഷ്, ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നതും വിനയായി.
ഐ.ടി. വകുപ്പിനു കീഴിലുള്ള സ്പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിങ് ലെയ്സണ്‍ ഓഫീസറായി സ്വപ്ന നിയമിതയായതും വിവാദമാണ്. സ്വപ്ന താമസിച്ചിരുന്ന മുടവന്‍മുഗളിലെ ഫ്ളാറ്റില്‍ ശിവശങ്കര്‍ നിരന്തരം വന്നിരുന്നതായി റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. ഫ്ളാറ്റില്‍നിന്നു രാത്രി വൈകി പോകുന്ന ശിവശങ്കറിനു ഗേറ്റ് തുറന്നുകൊടുക്കാന്‍ താമസിച്ചതിന്റെ പേരില്‍ സ്വപ്നയുടെ ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചിരുന്നെന്നും പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഉന്നത ഇടപെടല്‍ മൂലം നടപടിയുണ്ടായില്ലെന്നും അസോസിയേഷന്‍ ഭാവാഹികള്‍ പറഞ്ഞു.
കൊവിഡ് രോഗികളുടെ വിശദാംശങ്ങള്‍ വിശകലനം ചെയ്യാന്‍ വിദേശ കമ്പനിയായ സ്പ്രിങ്ളറിനു കരാര്‍ നല്‍കിയതിനു പിന്നിലും ഐ.ടി. വകുപ്പിലെ മുന്‍ജീവനക്കാരിയെന്നു സൂചനകളുണ്ട്. പക്ഷേ ഇക്കാര്യത്തിലുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുക്കി. ഇവരുടെ ഇടപാടുകളും ഉന്നതബന്ധങ്ങളും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പോടെയായിരുന്നു ആഭ്യന്തരവകുപ്പിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട്. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ പങ്കിനു തെളിവ് ലഭിച്ചിട്ടില്ലെന്നാണു കസ്റ്റംസ് നിലപാട്.